വെരിഫിക്കേഷന്‍റെ പേരില്‍ പാസ്‌പോര്‍ട്ട് അപേക്ഷകരെ പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചു വരുത്തേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ ഇത്തരമൊരു നിര്‍ദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ്ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോടിയേരി. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസാണ് മുമ്പ് പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ ജോലികള്‍ ചെയ്തിരുന്നത്.
ഇവര്‍ വിവരങ്ങള്‍ ആരാഞ്ഞ് വ്യക്തമായ റിപ്പോര്‍ട്ട് പാസ്‌പോര്‍ട്ട് ഓഫീസില്‍ നല്‍കുമായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ധാരാളം പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വെരിഫിക്കേഷന്‍ ജോലികള്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയത്.
എന്നാല്‍ ഈ സംവിധാനം കാലതാമസം ഉണ്ടാക്കുന്നതായും അപേക്ഷകരെ പൊലീസ് സ്റ്റേഷനുകളില്‍ വിളിപ്പിക്കുന്നതായും കാണിച്ച് നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അപേക്ഷകരെ പൊലീസ് സ്റ്റേഷനുകളില്‍ വിളിപ്പിക്കരുതെന്ന നിര്‍ദ്ദേശം നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതാത് ദിവസം വരുന്ന അപേക്ഷകള്‍ പരിശോധനകള്‍ക്ക് ശേഷം ജില്ലാ ഓഫീസുകളിലെത്തിക്കണം. പരിശോധനകള്‍ക്ക് എസ്.ഐ നേരിട്ട് പോകേണ്ടതില്ല. പൊലീസുകാരെ ഉപയോഗപ്പെടുത്തി എസ്.ഐക്ക് വിവരങ്ങള്‍ ശേഖരിക്കാമെന്നും മന്ത്രി അറിയിച്ചു. അപേക്ഷകര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
|