സി.പി.എം കേരള ഘടകം വിഭാഗീയതയില്‍ നിന്ന് മോചനം നേടിയതായി പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
വിഭാഗീയതയുടെ ദുരനുഭവങ്ങള്‍ പാര്‍ട്ടിക്കുണ്ട്. ഈ അനുഭവങ്ങളിലൂടെയാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ല്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തോട്കൂടി വിഭാഗീയതയ്ക്ക് അന്ത്യം കുറിക്കാന്‍ കേരളത്തിലെ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതിനുള്ള തെളിവാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ നടത്തിയ ഇടപെടലുകള്‍. ഇത് കേരളത്തിലെ പാര്‍ട്ടിയെക്കുറിച്ച് ദേശീയതലത്തില്‍ തന്നെ മതിപ്പുളവായിട്ടുണ്ട്. കേന്ദ്രത്തില്‍ കേണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.
നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയം ഇതാണ് സൂചിപ്പിക്കുന്നത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഭരണത്തിന്‍റെ ദുരനുഭവം ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ഒരു മൂന്നാം ബദല്‍ വളര്‍ന്ന് വരണമെന്നാണ് ആഗ്രഹിക്കുന്നത്.
എന്നാല്‍ കേരളത്തിലെ യു.ഡി.എഫിലുള്ള ഒരു കക്ഷിയെയും മൂന്നാം ബദലിനായി പരിഗണിച്ചിട്ടില്ല. വ്യകതമായ നയപരിപാടികളുടെ അടിസ്ഥാനത്തിലായിരിക്കണം മൂന്നാം ബദല്‍ രൂപീകരിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണൂരിലെത്തിയ കോടിയേരിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.
രാവിലെ 6.40 മണിക്ക് മലബാര്‍ എക്സ്‌പ്രസ് ട്രെയിനിലെത്തിയ കോടിയേരിയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ കോടിയേരിയെ വരവേറ്റത്.
|