എട്ടുപേരുടെ മരണത്തിനും ഒട്ടേറെ പേര്‍ക്കു പരിക്കേല്‍ക്കാനുമിടയാക്കിയ മിഠായിത്തെരുവ് ദുരന്തമുണ്ടായിട്ട് ശനിയാഴ്‌ച ഒരു വര്‍ഷം തികയുന്നു.
ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസ ജോലികള്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. അമ്പതിലധികം കടകള്‍ പൂര്‍ണമായും നിരവധി കടകള്‍ സ്ഫോടനത്തില്‍ ഭാഗികമായി കത്തി നശിച്ചിരുന്നു. ഏകദേശം പത്ത് കോടി രൂപയുടെ തങ്ങള്‍ക്കുണ്ടായിയെന്ന് അന്ന് വ്യാപാരികള്‍ പറഞ്ഞിരുന്നു.
ഇതുവരെ 1.41 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്. സര്‍ക്കാര്‍ നിശ്ചയിച്ച തുകയുടെ 25 ശതമാനം മാത്രമാണ് ഇത്. അപകടത്തിന് പിന്നില്‍ അട്ടിമറിയാണെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഇപ്പോഴും പറയുന്നത്. കടകള്‍ പൂര്‍ണമായും കത്തി നശിച്ചവര്‍ക്കായി വ്യാപാരികള്‍ തന്നെയാണ് പുതിയ കടകള്‍ നിര്‍മ്മിക്കുന്നത്.
മെയ് മാസത്തില്‍ തന്നെ പുതിയ കടകളില്‍ കച്ചവടം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. പൂര്‍ണമായും നശിച്ച 27 കടകളില്‍ 16 എണ്ണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. ഒന്നരമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്‍ഷ്യമിടുന്നത്. ഭാഗികമായി കത്തിയ 113 കടകളില്‍ ഇപ്പോള്‍ കച്ചവടം നടക്കുന്നുണ്ട്.
2007 ഏപ്രില്‍ അഞ്ചിനു രാവിലെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തീപ്പിടിത്തവും പൊട്ടിത്തെറിയും എട്ടുപേരുടെ ജീവന്‍ അപഹരിച്ചു. ഒട്ടേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. 140 കച്ചവടസ്ഥാപനങ്ങള്‍ക്കു നാശനഷ്‌ടം സംഭവിച്ചു. 27 കടകള്‍ പൂര്‍ണമായും അഗ്‌നനിക്കിരയായി. 113 കടക്കാര്‍ക്ക് ഭാഗികമായും നഷ്‌ടം സംഭവിച്ചു.
ദുരന്തത്തില്‍ മരിച്ച എട്ടുപേരുടെ കുടുംബങ്ങള്‍ക്ക് ഓരോ ലക്ഷം രൂപയുടെ സഹായധനം നല്‍കിയിട്ടുണ്ട്. മൊത്തം 164 പേര്‍ക്ക് നാശനഷ്‌ടം സംഭവിച്ചതായാണ് കണ്ടെത്തിയത്. ദുരന്തത്തിനിരയായവരെ സഹായിക്കാനായി പൊതുജനങ്ങളില്‍നിന്നു സ്വരൂപിച്ച 91,66,340 രൂപയില്‍ 44,25,151 രൂപ ആദ്യഗഡു സഹായധനമായി നല്‍കി.
പിന്നീട് വ്യാപാര ക്ഷേമനിധിയില്‍നിന്നും സര്‍ക്കാര്‍ അനുവദിച്ച 50 ലക്ഷം രൂപയും ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ ഉപയോഗിച്ചു.
|