ജില്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ എറ്റെടുക്കാനുള്ള മെഡിക്കല്‍ കോര്‍പ്പറേഷന്‍റെ നീക്കം തടസ്സപ്പെട്ടു. മെഡിക്കല്‍ സ്റ്റോറുകള്‍ കൈമാറാനുള്ള ഉത്തരവ് ലഭിച്ചില്ലെന്ന് ആരോപിച്ച് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ എതിര്‍ത്തതാണ് കാരണം.
സംസ്ഥാന മെഡിക്കല്‍ കോര്‍പ്പറേഷന്‍ താത്ക്കാലികമായി നിയമിച്ച ഉദ്യോഗസ്ഥര്‍ക്ക് മെഡിക്കല്‍ സ്റ്റോറുകള്‍ കൈമാറാനാവില്ലെന്ന നിലപാടിലാണ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍. കോര്‍പ്പറേഷന്‍ എം.ഡി ദിനേശ് അറോറയുടെ ഉത്തരവുമായി ചെന്ന ഉദ്യോഗസ്ഥരെ മിക്കയിടത്തും അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു.
പാലക്കാട്, കാസര്‍കോട്, കോഴിക്കോട് എന്നീ ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ താത്ക്കാലിക ജീവനക്കാരെ ഏല്‍പ്പിക്കാനാണ് കോര്‍പ്പറേഷന്‍ എം.ഡി ഫെബ്രുവരി പതിമൂന്നിന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. കോര്‍പ്പറേഷന്‍ എം.ഡിയുടെ ഉത്തരവ് അല്ല വേണ്ടതെന്നും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് വേണമെന്നും അസോസിയേഷന്‍ പറയുന്നു.
അതിനാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ കൈമാറാനാവില്ലെന്ന നിലപാടിലാണ് അസോസിയേഷന്‍. എന്നാല്‍ തെറ്റിദ്ധാരണകള്‍ മൂലമാണ് സ്റ്റോറുകള്‍ കൈമാറാന്‍ അസോസിയേഷന്‍ വിസമ്മതിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് വിതരണം കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചത്.
എല്ലാ ജില്ലാ ആശുപത്രികളിലെയും മെഡിക്കല്‍ സ്റ്റോറുകള്‍ ഏറ്റെടുക്കാന്‍ കോര്‍പ്പറേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
|