എ.പി.എല്‍, ബി.പി.എല്‍ പട്ടികയിലെ ക്രമക്കേടിനെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് സഭാ പ്രവര്‍ത്തനം സ്പീക്കര്‍ നിര്‍ത്തിവച്ചു.
സ്പിക്കര്‍ നിയമസഭാകക്ഷികളുമായി ചര്‍ച്ച നടത്തുകയാണ്. ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷം ബഹളം വച്ചത്. എ.പി.എല്‍, ബി.പി.എല്‍ പട്ടികയില്‍ അനര്‍ഹര്‍ കടന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ ഇത് തിരുത്തുമോയെന്നും എ.പി.എല്‍, ബി.പി.എല്‍കാരെ കണ്ടുപിടിക്കാന്‍ സര്‍വ്വേ നടത്തുമോയെന്നും പ്രതിപക്ഷത്ത് നിന്നും കെ.സുധാകരനാണ് ചോദിച്ചത്.
ഈ ചോദ്യത്തിന് മറുപടി പറഞ്ഞ മന്ത്രി സി.ദിവാകരന്‍ 1977 മുതല്‍ ഈ പട്ടികയില്‍ ക്രമക്കേട് ഉണ്ടെന്ന് പറഞ്ഞു. അര്‍ഹരായവരെ കണ്ടെത്തുന്നതിന് റീസര്‍വ്വേ നടത്തുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി മറുപടി നല്‍കി. ഈ മറുപടിയില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം ബഹളം വച്ചത്.
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി സംസാരിച്ചു. ഈ സമയം ഭരണകക്ഷി അംഗങ്ങള്‍ എഴുന്നേറ്റ് ബഹളം വച്ചു. ഇത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. പിന്നീട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയും ചെയ്തു.
ബഹളം ശമിപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതേതുടര്‍ന്ന് അദ്ദേഹം സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
|