സംസ്ഥാനത്ത് നാട്ടാനകളുടെ പരിപാലന ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ ആഭ്യന്തര, റവന്യു, വനം വകുപ്പുകളുടെ സംയുക്തയോഗം തീരുമാനിച്ചു.
ഇതനുസരിച്ച് 2003-ലെ കേരള നാട്ടാന പരിപാലന ചട്ടങ്ങളിലെ പ്രസക്തമായ വകുപ്പുകള്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും. സംസ്ഥാനത്ത് വിവിധ ആരാധനാലയങ്ങളില്‍ നടക്കുന്ന ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുമ്പോള്‍, ആനകള്‍ക്ക് നേരെയുള്ള പീഡനം തടയാനും പൊതു ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുമായുള്ളതാണ് ഈ നിയമം.
ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നതിന്‍റെ നടപടിക്രമങ്ങളുമായി അനുബന്ധിച്ച് നിര്‍ദ്ദിഷ്ട വകുപ്പുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. ജില്ലാതലത്തില്‍, കളക്ടര്‍ ചെയര്‍മാനും, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കണ്‍വീനറും, സൂപ്രണ്ട് ഓഫ് പൊലീസ്, മൃഗസംരക്ഷണ വകുപ്പിലെയും, ജന്തുദ്രോഹ നിവാരണ സമിതിയുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളുമായി സമിതി രൂപീകരിച്ച് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ തീരുമാനിക്കും.
ഉത്സവങ്ങളോടനുബന്ധിച്ച് സ്ഥല ലഭ്യതക്കനുസരണം ആനകളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാക്കും. ഇക്കാര്യങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കുന്നതിന് പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍, ഉത്സവങ്ങളുടെ ഭാരവാഹികള്‍ തുടങ്ങി ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് വനം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്‍പശാല നടത്തും.
|