സംസ്ഥാനത്തിന്‍റെ പ്രത്യേകമായ വ്യാവസായിക വികസന ആവശ്യങ്ങള്‍ കണക്കിലെടുത്ത് പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
ഇരുപതാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് തിരുവനന്തപുരം സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. ധാതുഗവേഷണ കേന്ദ്രവും പരിസ്ഥിതി ശാസ്ത്രഗവേഷണകേന്ദ്രവും തുടങ്ങാന്‍ നടപടി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെ ട്രഡീഷണല്‍ നോളജ് സെന്‍റര്‍, സസ്റ്റൈനബിള്‍ കോസ്റ്റല്‍ സോണ്‍ ഡവലപ്മെന്‍റ് ഇന്‍സ്റ്റിട്യൂട്ട് എന്നിവ ആരംഭിക്കാന്‍ ശ്രമിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സാധാരണക്കാരന്‍റെ ജീവിതസംബന്ധിയായ പ്രശ്നങ്ങള്‍ പഠിക്കാനും അവയ്ക്ക് സാമൂഹ്യ പ്രതിബദ്ധതയോടെ പരിഹാരം കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ ശാസ്ത്രജ്ഞരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
വികസനമെന്നാല്‍ സര്‍വ്വരുടേയും ജീവിത നിലവാരം ഉയര്‍ത്തുക എന്നുള്ളതാണ്. എല്ലാവര്‍ക്കും വളരാനും അഭിവൃദ്ധി ഉണ്ടാകുവാനും ഉതകുംവിധത്തില്‍ പൊതുസമ്പത്തും സാമൂഹിക സൗകര്യങ്ങളും നീതി പൂര്‍വ്വകമായി ലഭിക്കുവാന്‍വേണ്ട അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം.
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മാത്രമെ ഇത്തരം വ്യവസ്ഥകളും സാഹചര്യങ്ങളും സൃഷ്ടിക്കാന്‍ കഴിയൂ. നമ്മുടെ മണ്ണും ജലസ്രോതസ്സുകളും വനവും മറ്റ് പ്രകൃതി സമ്പത്തുക്കളുമെല്ലാം വെല്ലുവിളി നേരിടുകയാണ്. ഇതിനെ അഭിമുഖീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമുള്ള ചുമതല ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ക്കും അതില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭാശാലികള്‍ക്കുമുണ്ട്.
ജലത്തിന്‍റെ ഗുണമേന്മയെക്കുറിച്ചും അതിന്‍റെ ശരിയായ രീതിയിലുള്ള ഉപയോഗത്തെക്കുറിച്ചും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാനും ജനങ്ങള്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ശാസ്ത്രലോകത്തിന് കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ജൈവ സമ്പത്ത് സംരക്ഷിക്കുന്നതിനും പോഷിപ്പിക്കുന്നതിനും അനുയോജ്യമായ പ്രാദേശിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സുസ്ഥിര ഉപയോഗം നടപ്പാക്കാനുമുള്ളശ്രമങ്ങളില്‍ ഏര്‍പ്പെടാന്‍ ശാസ്ത്രജ്ഞന്മാര്‍ തയ്യാറാകണം. പ്രകൃതി ക്ഷോഭ നിവാരണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇവയെ നേരിടാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കുന്നതോടൊപ്പം യഥാസമയങ്ങളില്‍ അപകട മുന്നറിയിപ്പ് നല്‍കുകയും വേണം. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഭക്‍ഷ്യ സുരക്ഷ ഉറപ്പാക്കാനും തീവ്രപരിശ്രമം ആവശ്യമാണ്.
ഉയര്‍ന്ന ഉത്പ്പാദന ശേഷിയും രോഗ പ്രതിരോധ ശേഷിയുമുള്ള വിത്തുകള്‍ കണ്ടെത്തുന്നതിനും ആദായകരമായി കൃഷി ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും ശാസ്ത്രജ്ഞര്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളം വലിയ കുതിപ്പിന് ഒരുങ്ങുകയാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍റ് ടെക്നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍റ് റിസര്‍ച്ച് എന്നിവയ്ക്ക് പുറമെ കേന്ദ്രസര്‍വ്വകലാശാല, ഇന്‍സ്റ്റിട്യൂട്ട് ഓഫ് മോളിക്യൂലര്‍ മെറ്റീരിയല്‍സ്, ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ നടപടിയായതായും മുഖ്യമന്ത്രി അറിയിച്ചു.
|