കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ വീണ്ടും കാര്‍ട്ടൂണിസ്റ്റായി. കാര്‍ട്ടൂണിസ്റ്റ് സുജിതിന്‍റെ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തി തുടങ്ങിയ ആദ്യ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടന ചടങ്ങിലായിരുന്നു കരുണാകരന്‍റെ കാര്‍ട്ടൂണ്‍ രചന.
ഇന്ന് രാവിലെ വി.ജെ.ടി ഹാളിലായിരുന്നു കരുണാകരന്‍റെ രചന. അദ്ദേഹം വരച്ചത് സദസ്സിലുണ്ടായിരുന്ന മലങ്കര സഭയുടെ ബിഷപ്പ് ഡോ.ജോസഫ് മാര്‍ ജോസഫിന്‍റെ കാര്‍ട്ടൂണായിരുന്നു. കൈയുമായി വലിയ ലോഹ്യത്തിലല്ലെന്ന് പറഞ്ഞെങ്കിലും കരുണാകരന്‍ ബിഷപ്പിന്‍റെ ചിത്രം വരയ്ക്കുകയായിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് കെ.കരുണാകരനാണ്. കാര്‍ട്ടൂണിസ്റ്റുകള്‍ വരയ്ക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നതും കരുണാകരനെയാണ്. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ പേരില്‍ കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും ചിത്രകാരന്മാര്‍ക്കും പുരസ്കാരം ഏര്‍പ്പെടുത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്കാരിക മന്ത്രി എം.എ ബേബി അറിയിച്ചു.
കേരള കൌമുദിയും ഇന്ദുലേഖ ഡോട്ട് കോമും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
|