ഈ മാര്‍ച്ചില്‍ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അറിയിച്ചു. വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാണ് മാര്‍ച്ചില്‍ അവതരിപ്പിക്കുക.
സിപിഎം, സിപിഐ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് സമ്പൂര്‍ണ്ണ ബജറ്റ് തയ്യാറാക്കാന്‍ ആകാത്തതെന്ന് തോമസ് ഐസക്ക് പറഞ്ഞു. മൂന്നു മാസത്തിനകം ബജറ്റ് പാസാക്കുമെന്നത് കൊണ്ട് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കുന്നതിന് കുറച്ച് സമയം വേണം. ബജറ്റിന്‍റെ പൊതുചര്‍ച്ച നടക്കണം, ഒരോ വകുപ്പിനും നീക്കിവച്ചിരിക്കുന്ന തുകയെക്കുറിച്ച് പഠിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ സബ്ജക്ട് കമ്മിറ്റികള്‍ നല്‍കണം. ഇതിന് രണ്ടാഴ്ചയെങ്കിലും സമയം എടുക്കും. ഈ നിര്‍ദ്ദേശങ്ങള്‍ വച്ച് നിയമസഭ ഒരോവകുപ്പിനുമുള്ളത് ചര്‍ച്ച ചെയ്ത് പാസാക്കണം.
ഇങ്ങനെയാണ് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത്. ഈ പ്രക്രിയകളെല്ലാം പൂര്‍ത്തിയാകുന്നതിന് കുറഞ്ഞത് ഏഴ് ആഴ്ചയെങ്കിലും എടുക്കും. എന്നാല്‍ സി.പി.എമ്മിന്‍റെയും സി.പി.ഐയുടെ സമ്മേളനങ്ങള്‍ നടക്കുന്നതിനല്‍ അത്രയും സമയം ഈ വര്‍ഷം കിട്ടില്ല. അതിനാല്‍ ബജറ്റ് അവതരിപ്പിച്ച് പൊതുചര്‍ച്ച നടത്തി അടുത്ത മൂന്ന് മാസത്തേയ്ക്കുള്ള വിഹിതം സഭ പാസാക്കും.
ഈ മൂന്ന് മാസത്തിനുള്ളില്‍ സബ്ജക്ട് കമ്മിറ്റികള്‍ കൂടി വേണ്ടത്ര പരിശോധനകള്‍ നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. അതിന് ശേഷം വീണ്ടും സഭ സമ്മേളിച്ച് ബജറ്റ് പാസാക്കുമെന്നും മന്ത്രി അറിയിച്ചു.
|