സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പുതിയ ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഇന്ന് തെരെഞ്ഞെടുക്കും.
സമവായത്തിലൂടെയുള്ള തെരെഞ്ഞെടുപ്പിനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിലവിലുള്ള ജില്ലാ കമിറ്റിയെ നിശിതമായി വിമര്‍ശിച്ചു. വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ജില്ലാ നേതൃത്വം തെറ്റ് തിരുത്താനുള്ള ഇപ്പോഴത്തെ അവസരം ഉപയോഗപ്പെടുത്തണം.
ജില്ലാ കമ്മിറ്റിക്ക് തെറ്റ് തിരുത്താനുള്ള അവസാന അവസരമാണിതെന്ന് അദ്ദേഹം താക്കിത് നല്‍കി. ഇല്ലെങ്കില്‍ പാര്‍ട്ടി ശത്രുപാളയത്തിലെത്തും. ഫാരിസ് അബുബക്കറുമായുള്ള അഭിമുഖം, ലിസ് കോഴ, ദേശാഭിമാനി ബോണ്ട് വിവാദം തുടങ്ങിയ കാര്യങ്ങളില്‍ ജില്ലാ നേതൃത്വം പാര്‍ട്ടിയുടെ നിലപാടിനെ എതിരായ അഭിപ്രായ പ്രകടനങ്ങളാണ് നടത്തിയതെന്നും ഇത് ശരിയായില്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങളും സംസ്ഥാന സെക്രട്ടറി നടത്തി. പാര്‍ട്ടിയില്‍ ഇപ്പോള്‍ ആശയ സമരം ഇല്ലെന്നും മുതലാളിത്തത്തെക്കുറിച്ച് പി.ബിയുടെ അഭിപ്രായ പ്രകടനമാണ് ശരിയെന്നും പിണറായി പറഞ്ഞു.
രണ്ടര മണിക്കൂറാണ് പിണറായി വിജയന്‍ മറുപടി പ്രസംഗത്തിനായി ചെലവഴിച്ചത്. 44 അംഗ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയുമാണ് ഇന്ന് തെരെഞ്ഞെടുക്കുക. വി.എസ് പക്ഷത്തിന് വ്യക്തമായി ആധിപത്യം ഉള്ള നിലവിലെ ജില്ലാ കമ്മിറ്റിയില്‍ പിണറായി പക്ഷത്ത് നിന്നും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേയുള്ളൂ.
എന്നാലിത്തവണ നില മെച്ചപ്പെടുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പ്രാതിനിധ്യം പിണറായി പക്ഷം ആവശ്യപ്പെടും. സമവായത്തിലൂടെ പാനല്‍ അവതരിപ്പിച്ച് ഏകകണ്ഠമായി അംഗീകരിപ്പിക്കാനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. എന്നാല്‍ മതിയായ പ്രാതിനിധ്യം കിട്ടാതെ വരികയോ നിലവിലുള്ള ജില്ലാ കമ്മിറ്റിയിലുള്ളവരെ ഒഴിവാക്കുകയോ ചെയ്താല്‍ മത്സരിക്കാനാണ് പിണറായി പക്ഷത്തിന്‍റെ തീരുമാനമെന്ന് അറിയുന്നു.
കൊച്ചി ഏര്യാ സമ്മേളനം അലങ്കോലപ്പെടുത്തിയ പിണറായി പക്ഷത്തെ ജില്ലാ കമ്മിറ്റ് അംഗങ്ങളെ ഒഴിവാക്കണമെന്ന അഭിപ്രായമാണ് വി.എസ് പക്ഷത്തിനുള്ളത്.
|