പ്രശസ്ത വാസ്തുശില്പി ലാറിബേക്കര്‍ (90) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ ഞായറാഴ്ച രാവിലെ 7.45 ഓടെയാണ് അന്ത്യം സംഭവിച്ചത്.
ഏറെ നാളായി വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇംഗ്ളണ്ടിലെ ബര്‍മ്മിംഗ്ഹാമില്‍ ജനിച്ച ലാറിബേക്കര്‍ കേരളത്തില്‍ അറിയപ്പെടുന്നത് പ്രശസ്ത വാസ്തുശില്പി എന്ന നിലയിലാണ്. അദ്ദേഹത്തിന്‍റെ ചെലവ് കുറഞ്ഞ, പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ പാര്‍പ്പിടങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
1990ല്‍ ഇന്ത്യ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. എലിസബത്ത് ബേക്കറാണ് ഭാര്യ. 1988ല്‍ ഇന്ത്യന്‍ പൗരത്വം നേടിയ ഈ ഇംഗ്ളീഷുകാരന്‍ കേരളത്തില്‍ വാസ്തുകലയ്ക്ക് പുതിയ രൂപവും ഭാവവും നല്‍കി. 1917 മാര്‍ച്ച് രണ്ടിന് ഇംഗ്ളണ്ടിലെ ബര്‍മിങ്ഹാമിലായിരുന്നു ലോറന്‍സ് വില്‍ഫ്രണ്ട് ബേക്കറുടെ ജനനം.
ചാള്‍സ് ഫ്രെഡറിക് ബേക്കര്‍-മില്ലി ബേക്കര്‍ ദമ്പതികളുടെ ഇളയകുട്ടിയായ ലാറി ബേക്കര്‍ കിങ് എഡ്വാര്‍ഡ്സ് ഗ്രാമര്‍ സ്കൂള്‍, ബര്‍മിങ് സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്ട്സില്‍ ചേര്‍ന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് സേവനത്തിന്‍റെ ഭാഗമായി മൊബൈല്‍ സര്‍ജിക്കല്‍ ടീമിനൊപ്പം ചൈനയും ബര്‍മയും സന്ദര്‍ശിച്ചു.
പിന്നീട് കുഷ്ഠരോഗ നിവാരണവും നിയന്ത്രണവുമായി ബന്ധപ്പെട്ട് കിഴക്കന്‍ ചൈനയില്‍ ലാറി ബേക്കര്‍ കര്‍മനിരതനായി. ചൈനയില്‍ നിന്ന് ഇംഗ്ളണ്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടെ മൂന്ന് മാസം അദ്ദേഹം ബോംബെയില്‍ തങ്ങി. ലാറി ബേക്കറുടെ ജീവിതത്തില്‍ ഇത് വഴിത്തിരിവായി.
|