ഗലീലിയോയും എക്സ്പ്രസ്സ് വേള്‍ഡും സംയുക്തമായി സംഘടിപ്പിച്ച അഞ്ചാമത് ദേശീയ ട്രാവല്‍ ടൂറിസം അവാര്‍ഡുകളില്‍ രണ്ടെണ്ണം കേരളം കരസ്ഥമാക്കി.
ഏറ്റവും മികച്ച സംസ്ഥാന ടൂറിസം ബോര്‍ഡിനുള്ള അവാര്‍ഡ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനും സാമൂഹിക പ്രതിബദ്ധതയുള്ള ടൂറിസം പദ്ധതിയ്ക്കുള്ള പുരസ്ക്കാരം കേരളാ ട്രാവല്‍സ് ഇന്‍റര്‍സര്‍വിന്‍റെ വര്‍ക്കലയിലെ താരാട്ട് എന്ന പദ്ധതിയ്ക്കുമാണ് ലഭിച്ചത്.
ടൂറിസം രംഗത്തെ സമഗ്ര വികസനം, സ്വകാര്യ പൊതുമേഖലാ പങ്കാളിത്തം ടൂറിസം രംഗത്ത് പ്രോത്സാഹിപ്പിക്കുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്യുന്നതില്‍ കാട്ടിയ മികവ്, പുതിയ ടൂറിസം ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കുന്നതില്‍ നേടിയ അസൂയാവഹമായ വിജയം എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് ബഹുമതി നല്‍കിയത്.
ഉത്തരവാദിത്തപൂര്‍ണ ടൂറിസം എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ ടൂറിസം നയത്തിലൂടെ കേരളത്തിന്‍റെ സമഗ്രമേഖലകളിലും വികസനം സാധ്യമാകുന്നു എന്നതിനുള്ള മികച്ച ദൃഷ്ടാന്തമാണ് ഈ അവാര്‍ഡെന്ന് സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനം, മാര്‍ക്കറ്റിംഗ് രംഗങ്ങളില്‍ ടൂറിസം വകുപ്പ് നിരവധി പുതിയ പദ്ധതികളുമായി അതിവേഗം മുന്നോട്ടു നീങ്ങകയാണെന്ന് അദ്ദേഹം പറഞ്ഞു. സുസ്ഥിര ടൂറിസം വികസനം ലക്‍ഷ്യമാക്കിയുള്ള സംസ്ഥാന ടൂറിസം വകുപ്പിന്‍റെ അശ്രാന്ത പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ടൂറിസം സെക്രട്ടറി ഡോ.വേണു.വി. അഭിപ്രായപ്പെട്ടു.
ടൂറിസത്തിന്‍റെ സാദ്ധ്യതകള്‍ ഉള്‍ക്കൊണ്ട് അംഗന്‍വാടി കുട്ടികള്‍ക്കും വനിതകള്‍ക്കും, യുവാക്കള്‍ക്കും കഴിഞ്ഞ രണ്ടരകൊല്ലമായി നടപ്പിലാക്കിവരുന്ന സാമൂഹിക സാമ്പത്തികക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പുരസ്ക്കാരം. ഇന്ത്യയില്‍ ആദ്യമായി ഇത്തരം ഒരു പദ്ധതി നടപ്പാക്കി എന്ന മൗലികതയും വിലയിരുത്തപ്പെട്ടു.
3200 അംഗന്‍വാടി കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം നാലായിരത്തോളം പേര്‍ ഇതിന്‍റെ ഗുണഭോക്താക്കളാണ്. മുംബൈയില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ കേന്ദ്ര വ്യോമയാന വകുപ്പു മന്ത്രി പ്രഫുല്‍ പട്ടേലില്‍ നിന്നും കേരളാ ട്രാവല്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ജയചന്ദ്രഹാസന്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.
|