വയനാട്ടിലെ നിത്യഹരിത വനത്തില്‍ നിന്നും അപൂര്‍വ്വയിനം സസ്യത്തെ ഗവേഷകര്‍ കണ്ടെത്തി. പുതിയ സസ്യത്തിന് നാടിന്‍റെ പേരുള്‍പ്പെടുത്തി 'മിലിയൂസ വനയാടിക്ക' എന്ന പേരും ശാസ്ത്രജ്ഞര്‍ നല്‍കി.
കല്‍പറ്റ എം.എസ്. സ്വാമിനാഥന്‍ ഗവേഷണകേന്ദ്രത്തിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ എം.കെ. രതീഷ്‌നാരായണനും കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ ഡോ. സുജനപാലും ചേര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് സസ്യലോകത്തെ പുതുമുഖത്തെ കണ്ടെത്തിയത്. അഞ്ചുമീറ്ററോളം ഉയരത്തില്‍ വളരുന്ന ചെറുമരമാണ് ഇത്.
സീതപ്പഴം ഉള്‍പ്പെടുന്ന 'അനോണേസി' സസ്യകുടുംബത്തിലെ അംഗമാണ്. സമുദ്രനിരപ്പില്‍ നിന്ന് 1400 മീറ്റര്‍ ഉയരത്തിലായുള്ള മേപ്പാടി ഫോറസ്റ്റ് റേഞ്ച് പരിധിയിലെ കാട്ടിമട്ടം നിത്യഹരിത വനത്തിലാണ് ഗവഷേകര്‍ ഈ അപൂര്‍വ സസ്യത്തെ കണ്ടെത്തിയത്. ഇത്തരത്തിലുള്ള പതിനഞ്ചോളം ചെടികള്‍ ഇവിടെയുണ്ട്.
മിലിയൂസ വിഭാഗത്തില്‍പെട്ട മൂന്നു അപൂര്‍വ സ്പീഷിസുകളെയും വയനാട്ടിലെ കാടുകളില്‍ സംഘം കണ്ടെത്തി. ഇതില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ച്, പ്രതിപാദിക്കുന്ന 'റെഡ്ഡാറ്റ ബുക്കി'ല്‍ ഇടംകണ്ടെത്തിയ 'മിലിയൂസ നീലഗിരിക്ക' എന്ന സസ്യവും ഉള്‍പ്പെടുന്നു.
പുഷ്പിക്കുന്ന സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനിടെയാണ് അപൂര്‍വ സസ്യങ്ങളെ കണ്ടെത്തിയത്. ലോകത്തുനിന്ന് അപ്രത്യക്ഷമായി എന്ന് ശാസ്ത്രലോകം കരുതിയിരുന്ന 'യൂജിനിയ അര്‍ജന്‍ഷിയ' എന്ന സസ്യത്തെയും പഠനസംഘം വയനാട്ടില്‍ കാണുകയുണ്ടായി.
കൃഷി ആവശ്യത്തിനും റോഡിനുമായി വനംനശിപ്പിക്കുന്നത് ഇത്തരം അപൂര്‍വസസ്യങ്ങളുടെ നാശത്തിനും വഴിയൊരുക്കുന്നുണ്ടെന്ന് ഗവഷേകര്‍ പറയുന്നു.
|