എട്ട് പേര്‍ മരിക്കാനിടയായ പന്നിയാര്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ഫോറന്‍സിക് വിഭാഗം അന്തിമ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
പന്നിയാര്‍ പവര്‍ഹൌസില്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് തുടക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിലെ വിദഗ്ദ്ധര്‍ അടങ്ങിയ സംഘമാണ് പന്നിയാര്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ചത്. സ്ഥലത്ത് നിന്നും ശേഖരിച്ച പൈപ്പിന്‍റെ ഭാഗങ്ങളും മറ്റ് തെളിവുകളും ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് സംഘം അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്.
പന്നിയാര്‍ പവര്‍ ഹൌസിലെ ജനറേറ്ററുകളിലൊന്ന് പെട്ടെന്ന് നിലച്ചതാണ് അപകടത്തിന് തുടക്കം. ജനറേറ്റര്‍ നിന്നപ്പോള്‍ പവര്‍ഹൌസിലേക്ക് വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്കിലെ വാല്‍വ് തനിയെ അടഞ്ഞു. ഇതോടെ പവര്‍ഹൌസിലേക്കുള്ള വെള്ളമൊഴുക്കും നിലച്ചു.
ഇത് പെന്‍സ്റ്റോക്കിലെ ജലസമ്മര്‍ദ്ദം കൂടുതല്‍ വര്‍ദ്ധിക്കാന്‍ കാരണമായി. കാലപ്പഴക്കമുള്ളതും അറ്റകുറ്റപ്പണികള്‍ നടത്താത്തതും തുരുമ്പെടുത്തതുമായ പെന്‍സ്റ്റോക് പൈപ്പിന് മര്‍ദ്ദം താങ്ങാനായില്ല. വര്‍ഷങ്ങളായുള്ള വെള്ളമൊഴുക്ക് കാരണം പൈപ്പിന്‍റെ പല ഭാഗത്തും കനം കുറഞ്ഞിരുന്നു. മര്‍ദ്ദം അധികമായപ്പോള്‍ പൈപ്പ് പൊട്ടി.
ആറുമീറ്റര്‍ നീളത്തിലായിരുന്നു പൊട്ടല്‍. പൈപ്പ് പൊട്ടിയപ്പോള്‍ തൊട്ടടുത്തുള്ള മറ്റൊരു വാല്‍വ് അടയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. എന്നാല്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനാല്‍ വാല്‍വ് പ്രവര്‍ത്തിച്ചില്ല. തുടര്‍ന്ന് വാല്‍വ് അടയ്ക്കാനുള്ള ഹൊഡ്രോളിക് സംവിധാനത്തിലേയ്ക്കുള്ള കയര്‍ അറുത്തുമാറ്റി. ഇതോടെ വാല്‍വ് പെട്ടെന്ന് അടഞ്ഞു.
ഇതോടെ വാല്‍വിലെ ജലസമ്മര്‍ദ്ദവും വര്‍ദ്ധിച്ചു. ഇത് വാല്‍വ് പൊട്ടാനും കാരണമായി. ജലപ്രവാഹത്തില്‍ ഉദ്യോഗസ്ഥര്‍ ഒലിച്ചുപോയി. ഇതാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍. പൊട്ടിയ ഭാഗത്തെ പൈപ്പ് അസാധാരണമാം വിധം തുരുമ്പെടുത്തിരുന്നതായും കനം കുറഞ്ഞിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എട്ട് മില്ലീമീറ്റര്‍ കനമുണ്ടായിരുന്ന പൈപ്പിന് പൊട്ടിയ ഭാഗത്ത് വെറും ആറ് മില്ലിമീറ്റര്‍ കനം മാത്രമാണുണ്ടായിരുന്നത്. വര്‍ഷങ്ങളായുള്ള വെള്ളമൊഴുക്ക് കാരണം തേയ്മാനം ഉണ്ടായതാണ് കനം കുറയാന്‍ കാരണം. 35 വര്‍ഷം ആയുസ്സുള്ള പൈപ്പ് 42 വര്‍ഷം കഴിഞ്ഞിട്ടും മാറ്റിയിരുന്നില്ല. അറ്റകുറ്റപ്പണികളും നടത്തിയിരുന്നില്ല.
തുരുമ്പ് നീക്കം ചെയ്യാതിരുന്നതും തുരുമ്പെടുക്കാതിരിക്കുന്നതിനായി പെയിന്‍റ് ചെയ്യാതിരുന്നതും ദുരന്തത്തിന് കാരണമായി. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതാണ് പന്നിയാര്‍ ദുരന്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പൈപ്പ് പൊട്ടിയ ഭാഗത്ത് സ്ഫോടക വസ്തുക്കളുടെ സാന്നിധ്യമോ ബാഹ്യ ഇടപെടലുകളുടെയോ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൈപ്പ് പൊട്ടാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
റിപ്പോര്‍ട്ട് ഇടുക്കി എസ്.പിക്ക് കൈമാറി. ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
|