പാലക്കാട് റയില്‍വേ ഡിവിഷനില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ സേലം ഡിവിഷനിലേക്ക് സ്ഥലം മാറ്റുന്നു. നവംബര്‍ ഒന്നിന് സേലത്തേയ്ക്ക് പോകാന്‍ 250 ഓളം ജീവനക്കാരോട് റയില്‍വേ ആവശ്യപ്പെട്ടു.
നിര്‍ദ്ദിഷ്ട സേലം ഡിവിഷനിലേക്ക് പാലക്കാട് ഡിവിഷനില്‍ നിന്നും ആരെയും നിര്‍ബന്ധപൂര്‍വ്വം സ്ഥലം മാറ്റില്ലെന്ന് സേലം ഡിവിഷന്‍ ഒത്തു തിര്‍പ്പ് ചര്‍ച്ചാവേളയില്‍ കേന്ദ്ര റയില്‍വേ മന്ത്രി കേരള എം.പിമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
ഈ ഉറപ്പിന്‍റെ കൂടി പശ്ചാത്തലത്തില്‍ സേലം ഡിവിഷന്‍ ഒത്തുതീര്‍പ്പ് എന്തുകൊണ്ടും കേരളത്തിന് നേട്ടമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കേരള എം.പിമാരും അവകാശവാദം ഉയര്‍ത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ഉറപ്പിനെ അട്ടിമറിച്ചുകൊണ്ടാണ് പാലക്കാട് ഡിവിഷന്‍ ഓഫീസിലെ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ സേലം ഡിവിഷനിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് റയില്‍വേ ഇറക്കിയിരിക്കുന്നത്. എറ്റവും അടുത്ത ദിവസം ഈ ഉത്തരവ് കൈപ്പറ്റാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
ഇതിന് മുന്നോടിയായി പാലക്കാട് ഡിവിഷന്‍ ഓഫീസിലെ ജൂനിയര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി നല്‍കാന്‍ ഡിവിഷന്‍ റീജ്യണല്‍ മാനേജര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉത്തരവ് ലഭിക്കുന്നതോടെ പാലക്കാട് ഡിവിഷനിലെ ഏതാണ്ട് ഇരുന്നൂറ്റി അമ്പതോളം ജീവനക്കാരെ സേലത്തേയ്ക്ക് സ്ഥലം മാറി പോകാന്‍ നിര്‍ബന്ധിതരാകും.
ഈ ഉത്തരവിനെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന നിലപാടിലാണ് പാലക്കാട് ഡിവിഷന്‍ ഓഫീസിലെ ജീവനക്കാര്‍. റയില്‍വേയുടെ ഉത്തരവിനെതിരെ ഡിവിഷന്‍ ഓഫീസിന് മുന്നില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു.
അതേ സമയം നിര്‍ദ്ദിഷ്ട സേലം ഡിവിഷനിലേക്കായി ആളെ കിട്ടാത്തതിനാലാണ് പാലക്കാട് ഡിവിഷനില്‍ നിന്നും ജീവനക്കാരെ നിര്‍ബന്ധപൂര്‍വ്വം മാറ്റുന്നുവെന്നാണ് സൂചന.
സേലം ഡിവിഷന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിച്ച ഉറപ്പുകള്‍ പരസ്യമായി ലംഘിക്കപ്പെട്ടതോടെ സേലം ഡിവിഷന്‍ ഒത്തുതീര്‍പ്പില്‍ കേരളത്തിന് നേട്ടമുണ്ടായി എന്ന വാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സേലം ഡിവിഷന്‍ രൂപീകരണം പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ചുകൊണ്ടുള്ളതാണെന്നും ഇതോടെ ശരിയായിരുക്കുകയാണ്.
|