സൂര്യനെല്ലി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ജെ.കുര്യനെതിരായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും.
പി.ജെ കുര്യനെതിരായ സ്വകാര്യ അന്യായത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണിത്ര താത്പര്യമെന്നും കോടതി ചോദിച്ചു. സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍, ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരായ സ്വകാര്യ അന്യായത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് താത്പര്യമെന്നാണ് കോടതി ആരാഞ്ഞത്. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ചിത്രത്തിലേയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമായിരുന്നു സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് ചിലര്‍ തന്നോട് നേരത്തെ നിയമോപദേശം തേടിയിരുന്നുവെന്നും അതിനാല്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്നും സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു.
തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി അടുത്തയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. പി.ജെ കുര്യന് വേണ്ടി ഹാജരായത് മുന്‍ കേന്ദ്രമന്ത്രി കൂടിയായ അരുണ്‍ ജയ്റ്റ്ലിയായിരുന്നു. കേസ് അന്വേഷിച്ച മൂന്ന് ഡി.ജി.പിമാര്‍ പി.ജെ കുര്യന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നതായി അരുണ്‍ ജയ്റ്റ്ലി കോടതിയെ അറിയിച്ചു.
|