ചങ്ങനാശേരി എസ്.എന്‍.കോളജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എ.എസ്.ഐ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തില്‍ ആദ്യമായാണ് ഒരു വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്. കോളജിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കോളജിന് പുറത്തുള്ളവരും സംഘര്‍ഷത്തില്‍ പങ്കെടുത്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
പൊലീസ് കസ്റ്റഡിയിലെടുത്ത നാല് പേരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പുറത്ത് നിന്നുമുള്ള ക്രിമിനലുകളാണ് കസ്റ്റഡിയിലുള്ളതെന്നാണ് കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീജിത് നല്‍കുന്ന വിശദീകരണം. ഐ.ജി വിന്‍സന്‍റ് പോള്‍ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നുണ്ട്.
ഇവര്‍ എത്തിയതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് പുറത്ത് പറയൂ. മരിച്ച എ.എസ്.ഐ ഏലിയാസിന്‍റെ മൃതദേഹം എന്‍.എസ്.എസിന്‍റെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ പൊലീസുകാരും ഇവിടെ ചികിത്സയിലാണ്. സംഘര്‍ഷം ഉണ്ടായപ്പോള്‍ ഇരുവിഭാഗക്കാരെയും പിരിച്ചുവിടുന്നതിനിടെയിലാണ് ഏലിയാസിന്‍റെ തലയ്ക്ക് അടിയേറ്റത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളജില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
|