തെരെഞ്ഞെടുത്ത സ്ഥലങ്ങളില്‍ കമ്യൂണിറ്റ് പൊലീസ് സംവിധാനം ജനുവരി മുതല്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ട്രാഫിക് കേസുകള്‍ ലോക്കല്‍ പൊലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ മൂന്നു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് നക്സല്‍ പ്രവര്‍ത്തനം നടക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇത് തടയുന്നതിനായി സംസ്ഥാനത്ത് ഗുണ്ടാ നിയമം ഫലപ്രദമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എസ്.പിമാരും ഐ.ജിമാരും മറ്റ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്മാരും ഇടയ്ക്കിടയ്ക്ക് പൊലീസ് സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തണം.
ഇവര്‍ കേസന്വേഷണത്തിന് നേതൃത്വം നല്‍കേണ്ടതും കീഴേതലത്തിലുള്ള അപാകതകള്‍ പരിശോധിച്ച് ആവശ്യത്തിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ജനങ്ങള്‍ പൊലീസിനെക്കുറിച്ച് വിലയിരുത്തുന്ന പ്രധാന ഘടകം പൊലീസ് സ്റ്റേഷനുകളാണ്. അതിനാല്‍ പൊലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഇതിന് ഏറ്റവും ആവശ്യമായിട്ടുള്ളത് ഓരോ പൊലീസ് സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലീസുകാരുണ്ടായിരിക്കണം. പൊലീസ് സ്റ്റേഷനുകളില്‍ ഡ്യുട്ടിയിലുള്ള പൊലീസുകാരെ മറ്റ് പല ഡ്യൂട്ടികള്‍ക്കായി നിയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
പൊലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് നിയമിക്കുന്നവരെ സ്പെഷ്യല്‍ ഡ്യൂട്ടിക്കും വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് അടിസ്ഥാനത്തില്‍ മറ്റ് ചുമതലകളും നല്‍കുന്നത് കര്‍ശനമായി വിലക്കിയതായും മന്ത്രി അറിയിച്ചു.
|