താമരശേരി രൂപതാ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ ആക്ഷേപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ക്രൈസ്തവ സഭകള്‍ രംഗത്തെത്തി.
പിണറായി വിജയന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് താമരശേരി രൂപത ആവശ്യപ്പെട്ടു. രുപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും ബുധനാഴ്ച അടച്ചിട്ടുകൊണ്ട് പ്രതിഷേധ ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധ ദിനത്തില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
രൂപത ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും സഭാ നേതൃത്വം തിരുവമ്പാടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയനെതിരെ ലത്തീന്‍ കത്തോലിക്ക സഭയും രംഗത്തെത്തി. പിണറായിയുടെ പ്രസ്താവന സി.പി.എമ്മിന്‍റെ കപടമുഖം വ്യക്തമാക്കിയിരിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം കുറ്റപ്പെടുത്തി.
ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ വിശ്വസികള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ഒരു വ്യക്തി മാത്രമല്ല. ഒരു പ്രസ്താനത്തിന്‍റെ തലവന്‍ കൂടിയാണ്. ആ നിലയ്ക്ക് അദ്ദേഹത്തിന്‍റെ പ്രസ്താവനകള്‍ ഗൌരവമായിട്ടെടുക്കണം.
ലോകത്തില്‍ എല്ലായിടത്തുമെന്നപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലും മാറിയെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ അത് തെറ്റാനെന്ന് ഇപ്പോള്‍ ബോധ്യമായി. മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നല്‍കിയോ എന്ന് അറിയില്ല. എന്നാല്‍ പാര്‍ട്ടിയെ നയിക്കുന്നവര്‍ വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍റെ പരാമര്‍ശം സംസ്കാരശൂന്യമാണെന്ന് ആലപ്പുഴ ബിഷപ്പ് ഡോ. ജീവന്‍ അത്തിപ്പുഴയില്‍ പറഞ്ഞു. പരാമര്‍ശം ആവര്‍ത്തിക്കുമെന്ന് പറയുന്നത് ദാര്‍ഷ്ട്യമാണ്. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പിണറായി വിജയന്‍ മാപ്പ് പറയണമെന്നും ആലപ്പുഴ ബിഷപ്പ് ആവശ്യപ്പെട്ടു.
മത്തായി ചാക്കോ രോഗബാധിതനായി ആശുപത്രിയില്‍ കഴിയവേ ക്രൈസ്തവ പുരോഹിതനില്‍ നിന്നും അന്ത്യകൂദാശ സ്വീകരിച്ചെന്ന് പറഞ്ഞ താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ 'നികൃഷ്ടജീവി' എന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.
മത്തായി ചാക്കോയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ നടന്ന അനുസ്മരണ യോഗത്തിലാണ് ബിഷപ്പിനും സഭയ്ക്കുമെതിരെ പിണറായി വിജയന്‍ ആഞ്ഞടിച്ചത്. മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചെന്ന് പറഞ്ഞത് പച്ചക്കള്ളമാണെന്നും പിണറായി പറഞ്ഞു.
സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിദ്യാഭ്യാസ നയത്തിനെതിരെ കഴിഞ്ഞമാസം എട്ടിന് തിരുവമ്പാടിയില്‍ നടത്തിയ അവകാശ സംരക്ഷണ റാലിയിലാണ് മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചുവെന്ന് ബിഷപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞത്.
|