സിനിമ ഷൂട്ടിങ്ങിനിടെ സംവിധായകനില്‍ നിന്ന് മുഖത്ത് അടിയേല്‍ക്കേണ്ടി വന്ന തെന്നിന്ത്യന്‍ നടി പത്മപ്രിയക്ക് പിന്‍തുണയുമായി മലയാളസിനിമ സംഘടനകള്‍ രംഗത്തെത്തി. താര സംഘടനയായ അമ്മയും സങ്കേതിക വിദഗ്ധന്മാരുടെ സംഘടനയായ മാക്ടയുമായുമാണ് പത്മപ്രിയക്ക് പിന്‍തുണ പ്രഖ്യാപിച്ചത്.
മധുരക്ക് അടുത്ത് ‘മിറുഗം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ സാമി പത്മപ്രിയയുടെ ചെകിട്ടത്തടിച്ചത്. നടിയുടെ മുഖത്ത് ഭാവം വരാത്തതിന് സംവിധായകന്‍ തല്ലുന്നത് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത സംഭവമാണെന്ന് അമ്മ ഭാരവാഹി ഇന്നസെന്‍റ് ചൂണ്ടികാട്ടി.
പത്മപ്രിയയോട് മാപ്പ് ചോദിച്ചില്ലെങ്കില്‍ ഈ സംവിധായകന്‍റെ ചിത്രത്തില്‍ മറ്റ് താരങ്ങള്‍ അഭിനയിക്കാതിരിക്കുന്നത് അടക്കമുള്ള ശിക്ഷണ നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്നസെന്‍റ് പറഞ്ഞു. അഭിനേതാക്കളെ സംവിധായകര്‍ പ്രാകൃതമായി കൈകാര്യം ചെയ്യുന്ന രീതിക്ക് അവസാനമുണ്ടാകണമെന്നും ഇന്നസെന്‍റ് പറഞ്ഞു.
അഭിനയിക്കാത്തതിന് നടിയെ സംവിധായകന്‍ അടിക്കുന്ന സംഭവം സിനിമ ചരിത്രത്തില്‍ തന്നെ ആദ്യത്തേതായിരിക്കുമെന്ന് മാക്ട ഭാരവാഹി തമ്പി കണ്ണന്താനം പറഞ്ഞു. വിരട്ടിയും ഭീഷണിപ്പെടുത്തിയുമല്ല അനുനയത്തിന്‍റെ ഭാഷയിലാണ് സംവിധായകര്‍ അഭിനേതാക്കളോട് ഇടപെടേണ്ടതെന്നും തമ്പി കണ്ണന്താനം പറഞ്ഞു.
തന്‍റെ ചെകിട്ടത്തടിച്ച സംവിധായകന്‍ സാമിക്കെതിരെ തമിഴ്സിനിമ സംഘടനകളില്‍ നിന്നും ഉചിത നടപടി ഉണ്ടായില്ലെങ്കില്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് നടി പത്മപ്രിയ അറിയിച്ചു. സംവിധായകന്‍ തന്നെ കൈയ്യേറ്റം ചെയ്തെന്ന് അരോപിച്ച് നടി ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷനും പരാതി നല്‍കി.
ക്ലൈമാക്സ് ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം ഒരു ക്ലോസ്‌അപ് ഷോട്ട് കൂടി ബാക്കിയുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ നടിയെ തിരിച്ച് വിളിച്ച് അടിക്കുകയായിരുന്നു. സിനിമസെറ്റില്‍വച്ച് സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചെന്നും അത് തടഞ്ഞത് കൊണ്ടാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്നും പത്മപ്രിയ പറയുന്നു.
|