തന്‍റെ ചെകിട്ടത്തടിച്ച സംവിധായകന്‍ സാമിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് തെന്നിന്ത്യന്‍ നടി പത്മപ്രിയ. സംവിധായകന്‍ തന്നെ കൈയ്യേറ്റം ചെയ്തെന്ന് നടി ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനും സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷനും പരാതി നല്‍കിയിട്ടുണ്ട്.
മധുരക്ക് അടുത്ത് മിറുഗം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ നടിയുടെ ചെകിട്ടത്തടിച്ചത്. ക്ലൈമാക്സ് ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം ഒരു ക്ലോസ്‌അപ് ഷോട്ട് കൂടി ബാക്കിയുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ നടിയെ തിരിച്ച് വിളിച്ച് അടിക്കുകയായിരുന്നു.
നടിയുടെ മുഖത്ത് ഭാവം വരാത്തതിനാലാണ് അടിച്ചത് എന്നാണ് സംവിധായകന്‍റെ നിലപാട്. എന്നാല്‍ സിനിമസെറ്റില്‍വച്ച് സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചെന്നും അത് തടഞ്ഞത് കൊണ്ടാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്നും നടി ആരോപിക്കുന്നു.
അവസാന ഷോട്ടില്‍ താന്‍ നന്നായി അഭിനയിച്ചില്ലെന്ന സംവിധായകന്‍റെ ആരോപണവും നടി തള്ളി. ഭ്രാന്തനെ പോലെയാണ് സംവിധായകന്‍ സെറ്റില്‍ പെരുമാറിയതെന്നും ഷൂട്ടിങ്ങ് വേളയിലും അല്ലാത്തപ്പോഴും സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചെന്നും പത്മപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.
ഞാന്‍ വിവിധ ഭാഷകളിലായി ഇരുപത് ചിത്രങ്ങളില്‍ അഭിനയിച്ചു.പതിമൂന്ന് പുരസ്കാരങ്ങളും ലഭിച്ചും. ഞാന്‍ അഭിനയിക്കില്ലെങ്കില്‍ ഈ പുരസ്കാരങ്ങള്‍ തനിക്ക് ലഭിച്ചതെങ്ങനെയെന്നും പത്മപ്രിയ ചോദിക്കുന്നു.
ചിത്രത്തില്‍ അഭിനയിക്കുന്നതിനായി 13 ലക്ഷം രൂപയാണ് നടി പ്രതിഫലം വാങ്ങിയതെന്നും സിനിമ ഷൂട്ടിങ്ങ് സ്ഥലത്ത് നിന്ന് നടി ഇറങ്ങി പോയത് തെറ്റായി പോയെന്നും സംവിധായകന്‍ ആരോപിക്കുന്നു.
|