പ്രമുഖ ഗാന്ധിയനും സര്‍വോദയ പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ.രാധാകൃഷ്ണ മേനോന്‍ (83) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ വലംകൈയായിരുന്ന വി.പി മേനോന്‍ പിതൃ സഹോദരനാണ് രാധാകൃഷ്ണ മേനോന്‍. നിരവധി ഗാന്ധിയന്‍ സര്‍വോദയ സംഘടനകളില്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ച മേനോന്‍ മികച്ച അധ്യാപകന്‍ കൂടിയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
സ്വന്തം കുടുംബവീട് ആസ്ഥാനമാക്കി രാമനാട്ടുകരയില്‍ സ്ഥാപിച്ച ഗാന്ധിയന്‍ വിദ്യാഭ്യാസ രീതിയിലുള്ള സ്‌കൂള്‍ കേരളത്തില്‍ അത്തരത്തിലുള്ള ആദ്യത്തെ വിദ്യാലയമാണ്. ഇത് പിന്നീട് ഹൈസ്ക്കൂളായി ഉയര്‍ന്നു. ഇതിന്‍റെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിച്ച മേനോന്‍ 1979ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.
പരേതയായ നിര്‍മ്മലയാണ് ഭാര്യ. വാര്‍ധയില്‍ സര്‍വ്വോദയ പ്രവര്‍ത്തകയായിരുന്ന പരേതയായ പത്മജാ റാണി, ശൈലജാ മണി, ഡോ.നന്ദന്‍ ചന്ദ്രന്‍, ഗീതാജ്ഞലി, മധുസ്മിത, സുചിത്ര എന്നിവര്‍ മക്കളാണ്.
|