കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ പുതിയ മന്ത്രിയെ ഈ മാസം മുപ്പതിന് പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ അടുത്തമാസം നാലിന് നടക്കുമെന്ന് സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ജോസഫ് ഗ്രൂപ്പ് പെട്ടെന്ന് തന്നെ മന്ത്രിയെ നിശ്ചയിക്കുന്നത്. മന്ത്രിസഭയിലെ ഒഴിവ് നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും ഉടനെ മന്ത്രിയെ തീരുമാനിച്ച് അറിയിക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ഇതനുസരിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയെ ഈ മാസം മുപ്പതിന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.
അടുത്ത മാസം നാലിന് സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് അറിയുന്നത്. സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണറുടെ സൌകര്യം കൂടി നോക്കേണ്ടതുണ്ട്. ഇതിനായി മുഖ്യമന്ത്രി ചൊവ്വാഴ്ച ഗവര്‍ണറെ കണ്ടേക്കും. തീയതി നിശ്ചയിച്ചെങ്കിലും മന്ത്രിയാരെന്ന് ജോസഫ് ഗ്രൂപ്പില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
രണ്ട് എം.എല്‍.എമാരാണ് പാര്‍ട്ടിയില്‍ അവശേഷിക്കുന്നത്. ഇതില്‍ ആരെ മന്ത്രിയാക്കണമെന്നതിനെക്കുറിച്ച് മുപ്പതാം തീയതി ചേരുന്ന നേതൃയോഗത്തില്‍ തീരുമാനമാകുമെന്നാണ് സൂചന.
|