സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനു കീഴിലുള്ള സിനിമാ തിയേറ്ററുകളില്‍ ഇലക്ട്രോണിക്ക് ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നു.
ഒക്ടോബര്‍ ഇരുപത്തിയഞ്ചോടെ ഇത് നിലവില്‍ വരും. ഇലക്ട്രോണിക്ക് ടിക്കറ്റിംഗിനായുള്ള സോഫ്റ്റ്വെയര്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കുമായി ചേര്‍ന്ന് തയാറാക്കി വരുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ ഇത് നടപ്പാക്കും.
പദ്ധതി വിജയമെന്ന് കണ്ടാല്‍ കോര്‍പ്പറേഷന്‍റെ മറ്റ് തിയേറ്ററുകളിലേക്കും ഇത് വ്യാപിപ്പിക്കും. ക്രെഡിറ്റ് കാര്‍ഡോ ബാങ്ക് അക്കൗണ്ടോ ഉള്ളവര്‍ക്ക് ഇ-ടിക്കറ്റിലൂടെ സിനിമ കാണാന്‍ അവസരമുണ്ടാകും. കുടുംബ പ്രേക്ഷകരെ കൂടുതലായി സിനിമയിലേക്ക് ആകര്‍ഷിക്കുന്നതിന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ തിയേറ്ററുകളെ വിവിധോദ്ദേശ്യ വിനോദ കേന്ദ്രങ്ങളാക്കാനും പദ്ധതിയുണ്ട്.
തിരുവനന്തപുരത്തെ കൈരളി, ശ്രീ തിയേറ്ററുകളോടനുബന്ധിച്ചാകും ഇതിന്‍റെ തുടക്കം. ഈ തിയേറ്ററുകളെ 300 നും 400 നും ഇടയില്‍ ഇരിപ്പിട സൗകര്യമുള്ള നാല്‍ തിയേറ്ററുകളാക്കി മാറ്റും. ഇന്‍റര്‍നെറ്റ് കഫേ, റസ്റ്റോറന്‍റുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികള്‍, തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
തിയേറ്ററുകളിലെ ഇരിപ്പിട സൗകര്യവും ആകര്‍ഷണമാക്കും.
|