ചീഫ് സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല കെ ജെ മാത്യുവിന് നല്‍കിയതില്‍ ഐ എ എസ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. സീനിയോറിറ്റി മറി കടന്നതിലാണ് ഐ എ എസ് അസോസിയേഷന്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചത്.
ഷീലാ തോമസിന്‍റെ നേതൃത്വത്തിലുള്ള സീനിയര്‍ അംഗങ്ങളാണ് മുഖ്യമന്ത്രിയെ ക്ലീഫ് ഹൌസില്‍ സന്ദര്‍ശിച്ചത്. സീനിയറായ പി ജെ തോമസിന് പദവി നല്‍കാതെ അദ്ദേഹത്തിന്‍റെ ജൂനിയറായ ഒരാള്‍ക്ക് സ്ഥാനം നല്‍കിയത് തെറ്റായ കീഴ് വഴക്കമാണെന്ന് ഐ എ എസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.
മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബിനെ മുഖ്യമന്ത്രി പരസ്യമായി വിമര്‍ശിച്ചതിലും ഐ എ എസ് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. പൊന്മുടിയില്‍ ഐ എസ് ആര്‍ ഒയുടെ ബഹിരാകാശ ഇന്‍സ്ടിട്യൂട്ടിന് ശിലാസ്ഥാപനം നിര്‍വ്വഹിക്കാന്‍ എത്തുന്ന പ്രധാനമന്ത്രിയുടെ ഹെലികോപ്പ്റ്റര്‍ ഇറങ്ങുന്നതിന് ഹെലിപാഡ് നിര്‍മ്മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചതാണ് ലിസി ജേക്കബിനെതിരെ പരാമര്‍ശം നടത്താന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. തന്നെ അറിയിക്കാതെ തുക അനുവദിച്ച ചീഫ് സെക്രട്ടറിയുടെ നടപടി ശരിയായില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
ഇതേതുടര്‍ന്ന് ലിസി ജേക്കബ് സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരിക്കുകയാണ്. പുതിയ ചീഫ് സെക്രട്ടറിയെ കണ്ടെത്താനുള്ള നീക്കം നടക്കുകയാണ്.
|