സര്‍ക്കാരുമായി കരാറുണ്ടാക്കാന്‍ തയാറാകാതിരുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഈ അധ്യയന വര്‍ഷത്തേയ്ക്കുള്ള ക്ലാസുകള്‍ ആരംഭിച്ചു. കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളജിലാണ് ക്ലാസ് ആരംഭിച്ചത്.
കരാര്‍ ഒപ്പിടാന്‍ തയാറാകാതിരുന്ന തിരുവല്ല പുഷ്പഗിരി,തൃശൂര്‍ അമല, ജൂബിലി എന്നീ മെഡിക്കല്‍ കോളജുകളില്‍ ചൊവ്വാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതോടെ സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് വഴങ്ങാത്ത നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും ക്ലാസുകള്‍ തുടങ്ങുകയാണ്.
മുഴുവന്‍ സീറ്റുകളിലേയ്ക്കും സ്വന്തം നിലയ്ക്കാണ് ഈ കോളജുകളില്‍ പ്രവേശനം നടത്തിയത്. ഈ കോളജുകള്‍ക്ക് മുഹമ്മദ് കമ്മിറ്റി നേരത്തെ നിശ്ചയിച്ചിരുന്ന ഫീസ് പുനര്‍ ക്രമീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് കോളജുകള്‍ മുഹമ്മദ് കമ്മിറ്റിക്ക് പുതുക്കിയ ഫീസ് ഘടന സമര്‍പ്പിച്ചിട്ടുണ്ട്.
സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ച് പൊലീസ് സുരക്ഷയിലാണ് കൊച്ചിയില്‍ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ പ്രവേശന പരീക്ഷ നടത്തിയത്. തുടര്‍ന്ന് മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്ന് ക്ലാസ് ആരംഭിച്ച കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പുതിയ കുട്ടികള്‍ക്ക് കൌണ്‍സിലിംഗ് നല്‍കും.
സര്‍ക്കാരുമായി കരാറൊപ്പിട്ട സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ ഈ മാസം 26ന് ക്ലാസുകള്‍ ആരംഭിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
|