സേലം ഡിവിഷന്‍ രൂപീകരണം സംബന്ധിച്ച് കേന്ദ്ര റയില്‍വേ വകുപ്പ് മന്ത്രി ലാലുപ്രസാദ് യാദവ് മറുപടി നല്‍കി. സേലം ഡിവിഷന്‍ രൂപീകരിക്കുമ്പോള്‍ പാലക്കാട് ഡിവിഷന് കീഴില്‍ 509 കിലോമീറ്റര്‍ മാത്രമേ ശേഷിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എം.പിമാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സേലം ഡിവിഷന്‍ രൂപീകരണവുമായി മുന്നോട്ട് പോയതെന്ന് എഴുതി തയാറാക്കിയ മറുപടിയില്‍ ലാലു പറയുന്നു. സേലം ഡിവിഷന്‍ രൂപീകരണം നിര്‍ത്തിവയ്ക്കണമെന്നാണ് കേരളത്തില്‍ നിന്നുമുള്ള എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നത്.
ഡിവിഷന്‍റെ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ റയില്‍വേ മന്ത്രി മറുപടി പറയണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. പാലക്കാട് ഡിവിഷനില്‍ നിന്നും 623 കിലോമീറ്ററും തിരുച്ചി ഡിവിഷനില്‍ നിന്നും 125 കിലോമീറ്ററും എടുത്താണ് സേലം ഡിവിഷന്‍ രൂപീകരിക്കുക.
509 കിലോമീറ്റര്‍ റയില്‍വേ ലൈനുകള്‍ മാത്രമേ പാലക്കാട് ഡിവിഷന്‍റെ കീഴില്‍ ബാക്കിയുണ്ടാവൂ. സേലം റയില്‍വേ ഡിവിഷന്‍ രൂപീകരണത്തിന്‍റെ ഭാഗമായി ഗസറ്റ് പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രി തന്‍റെ മറുപടിയില്‍ വ്യക്തമാക്കുന്നു.
പ്രശ്നം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ മാസം 24ന് തന്നോട് ആവശ്യപ്പെട്ടുവെന്നും ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തണമെന്ന നിര്‍ദ്ദേശം താന്‍ മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്ക് ഇതുവരെയും മുഖ്യമന്ത്രിമാര്‍ തയാറായിട്ടില്ല.
ഈ ചര്‍ച്ചയ്ക്ക് ഒരിക്കല്‍ക്കുടി താന്‍ അഭ്യര്‍ത്ഥന നടത്തുകയാണ്. കേരളം ആസ്ഥാനമാക്കി ഒരു സോണ്‍ അനുവദിക്കണമെന്ന ആവശ്യവും ലാലു തള്ളി.
ഈ സോണ്‍ ലാഭകരമായിരിക്കില്ലെന്നാണ് ലാലു നല്‍കുന്ന വിശദീകരണം. സേലം ഡിവിഷന്‍ വരുന്നതോടെ പാലക്കാട് ഡിവിഷന്‍ ലാഭകരമായിരിക്കില്ലെന്ന കേരളത്തിലെ എം.പിമാരുടെ വാദത്തെ സാധൂകരിക്കുന്ന വിധത്തിലുള്ളതാണ് ലാലുവിന്‍റെ മറുപടി.
വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ ഈ വിഷയം ശ്രദ്ധക്ഷണിക്കല്‍ പ്രമേയമായി അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ആണവകരാറിന്‍റെ പേരില്‍ പാര്‍ലമെന്‍റ് നടപടികള്‍ സ്തംഭിച്ചതിനാല്‍ അതിന് സാധിച്ചില്ല.
|