സേലം ഡിവിഷന്‍ രൂപീകരിക്കുന്നതിനെതിരെ മലയാളി സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പുതിയ ഡിവിഷന്‍ രൂപീകരിക്കുന്നത് തടയാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കോണ്‍ഫെഡറേഷന്‍ ഓഫ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍, ഗുരുവയൂര്‍ റയില്‍വെ ഡവലപ്മെന്‍റ് ആക്ഷന്‍ കൌണ്‍സില്‍, പീപ്പിള്‍സ് ഫോറം ഫോര്‍ നാച്ച്വറല്‍ ജസ്റ്റിസ് എന്നീ സംഘടനകളാണ് സേലം ഡിവിഷന്‍ രൂപീകരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
സര്‍ക്കാരിന്‍റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.പാലക്കാട് ഡിവിഷന്‍ നിര്‍ത്തലാക്കിയല്ല സേലം ഡിവിഷന്‍ രൂപീകരിക്കുന്നത്. അതിനാല്‍ കോടതിക്ക് ഇടപെടനാവില്ല. സേലം ഡിവിഷന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു പഠനവും നടന്നിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.
പാര്‍ലമെന്‍ററി കണ്‍സര്‍വേറ്റീവ് കമ്മിറ്റി ചെന്നൈ, മധുരൈ ഡിവിഷനുകള്‍ക്ക് അനുസൃതമായിരിക്കണം സേലം ഡിവിഷന്‍ രൂപീകരിക്കേണ്ടതെന്ന് പറഞ്ഞിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ പുതിയൊരു ഡിവിഷന്‍ രൂപീകരിക്കുന്നതിനെ തടയാനാവില്ലെന്ന നിലപാടാണ് സുപ്രീംകോടതി എടുത്തത്.
കേരളത്തെ റയില്‍വേ മന്ത്രാലയം തഴയുകയാണ്. കഴിഞ്ഞ ബജറ്റില്‍ കേരളത്തിന് അനുവദിച്ച വിഹിതം വളരെക്കുറവാണ്. അതേസമയം തമിഴ്നാടിന് കൂടുതല്‍ വിഹിതം നല്‍കിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ക്കായി പ്രധാനമന്ത്രിയെയും മറ്റ് ജനപ്രതിനിധികളെയും നിങ്ങള്‍ക്ക് സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ അധ്യക്ഷനായ മൂന്നംഗ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. മൂന്ന് ഹര്‍ജികളായിരുന്നു മലയാളി സംഘടനകള്‍ നല്‍കിയിരുന്നത്. സേലം ഡിവിഷന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്ന അവസരത്തിലാണ് കേരളത്തിനെതിരായ മറ്റൊരു തീരുമാനം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.
|