മികച്ച സേവനത്തിനുള്ള വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ മെഡലുകള്‍ സ്വാതന്ത്ര്യ ദിനത്തില്‍ വിതരണം ചെയ്യും. ഇതാദ്യമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ നല്‍കുന്നത്.
2001ലാണ് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് രൂപം നല്‍കിയത്. സ്വാതന്ത്ര്യദിനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മികച്ച സേവനം നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മെഡലുകള്‍ സമ്മാനിക്കാനായിരുന്നു തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2005ല്‍ 20 പേരെയും 2006ല്‍ 15 പേരെയും മെഡലുകള്‍ക്കായി തെരെഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇതുവരെ മെഡലുകള്‍ സമ്മാനിക്കാന്‍ സാധിച്ചില്ല. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വനം മന്ത്രി ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രഖ്യാപിക്കപ്പെട്ട 35 പേര്‍ക്കും ഇത്തവണ മെഡലുകള്‍ സമ്മാനിക്കാന്‍ തീരുമാനമായത്.
തെരെഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായ അന്തരിച്ച ഫോറസ്റ്റ് സി.ഐ.പോളിനുള്ള മെഡല്‍ വനംമന്ത്രി അദ്ദേഹത്തിന്‍റെ വീട്ടിലെത്തി സമ്മാനിക്കും. കൂട്ടമ്പുഴ റേഞ്ചിലെ ഒരു വനിതാ ഫോറസ്റ്റ് ഗാര്‍ഡും മെഡലിന് അര്‍ഹരായവരില്‍ ഉള്‍പ്പെടും. ഇനിമുതല്‍ എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തില്‍ വനംവകുപ്പിലെ ജീവനക്കാരുടെ മുഖ്യമന്ത്രിയുടെ മെഡലുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.
|