പ്രശസ്ത കഥകളി ആചാര്യന്‍ കീഴ്പ്പടം കുമാരന്‍നായര്‍(93) അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച ആറു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് തിരുവില്വാമല ഐവര്‍മഠത്തില്‍ നടക്കും.
കഥകളി ആചാര്യന്‍ പട്ടിക്കാംതൊടി രാമുണ്ണി മേനോന്‍റെ ആദ്യകാല ശിഷ്യന്മാരില്‍ ഒരാളായിരുന്നു കീഴ്പ്പടം കുമാരന്‍ നായര്‍. ഒമ്പതാം വയസ്സില്‍ പാലക്കാട് വെള്ളിനേഴിയിലെ കളരിയില്‍ ഗുരുകുല രീതിയില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ കീഴ്പ്പടം സുഭദ്രാപഹരണത്തിലെ കൃഷ്ണനായിട്ടായിരുന്നു അരങ്ങേറിയത്.
പിന്നീട് കേരള കലാമണ്ഡലത്തില്‍ കുറച്ചുകാലം അധ്യാപകനായി പ്രവര്‍ത്തിച്ചു. ഇക്കാലത്ത് കഥകളി വിഭാഗത്തില്‍ നിന്നും നൃത്ത വിഭാഗത്തിലേക്ക് മാറ്റിയ വള്ളത്തോളിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് കീഴ്പ്പടം അധ്യാപക ജോലി രാജിവച്ചു.
പിന്നീട് ഏറെക്കാലം തമിഴ് സിനിമാരംഗത്ത് നൃത്ത സംവിധായകനായി പ്രവര്‍ത്തിച്ചു. എം.ജി.ആര്‍, എം.എന്‍. നമ്പ്യാര്‍ തുടങ്ങിയ നിരവധി താരങ്ങളുടെ നൃത്തഗുരുവായ കീഴ്പ്പടം സ്വതന്ത്ര നൃത്തരൂപങ്ങള്‍ ആവിഷ്ക്കരിച്ചു. നൃത്ത രംഗത്തെ അനുഭവങ്ങളും പരീക്ഷണങ്ങളും പില്‍ക്കാലത്ത് അദ്ദേഹം കഥകളിയില്‍ പ്രയോജനപ്പെടുത്തുകയുണ്ടായി.
ഡല്‍ഹിയിലെ ഇന്‍റര്‍നാഷണല്‍ കഥകളി സെന്‍റര്‍, ഗാന്ധി സേവാ സദന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ കഥകളി വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചു. പത്മശ്രീ പുരസ്കാരം, സംസ്ഥാന സര്‍ക്കാരിന്‍റെ കഥകളി അവാര്‍ഡ്, വള്ളത്തോള്‍ സ്വര്‍ണമെഡല്‍, കേന്ദ്ര, കേരള സംഗീത അക്കാദമി അവാര്‍ഡുകള്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ കീഴ്പ്പടത്തെ തേടിയെത്തി.
കല്ലുവഴി ചിട്ടയുടെ ശാസ്ത്രീയത ഒട്ടും ചോരാതെ തനതായ ഒരു കീഴ്പ്പടം ശൈലിയില്‍ ശിഷ്യപരമ്പര സൃഷ്ടിച്ച ഈ നടനഗുരു കഥകളി രംഗത്ത് അപൂര്‍വ്വമായ പരീക്ഷണങ്ങള്‍ക്ക് വഴിയൊരുക്കി. തന്‍റെ രണ്ടാം വരവില്‍ കല്യാണസൌഗന്ധികം, ലവണാസുരവധം എന്നിവയ്ക്ക് സ്വതന്ത്രമായ ആട്ടക്രമം അരങ്ങില്‍ ആവിഷ്ക്കരിച്ചതാണ് കീഴ്പ്പടത്തെ ഏറെ ശ്രദ്ധേയനാക്കിയത്.
വാനപ്രസ്ഥം എന്ന സിനിമയില്‍ കീഴ്പ്പടം ശ്രദ്ധേയമായ ഒരു വേഷം ചെയ്തിട്ടുണ്ട്. ആറു പതിറ്റണ്ട് നീണ്ട കലാസപര്യയ്ക്ക് ശേഷം വെള്ളിനേഴിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു കീഴ്പ്പടം. കഴിഞ്ഞ വര്‍ഷം അന്തരിച്ച ലക്ഷ്മികുട്ടിയമ്മയാണ് ഭാര്യ. എട്ട് മക്കളുണ്ട്.
|