ദേശാഭിമാനി പണമിടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നത്താന്‍ വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. കേസ് ഗൌരവവും പൊതുതാത്പര്യമുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എ.എ. റഹിം നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഈ ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസന്വേഷണത്തിന് സമയപരിധി കോടതി നിര്‍ദ്ദേശിച്ചിട്ടില്ല.
പരാതിക്കാരന്‍റെ ഹര്‍ജിയില്‍ ഗൌരവമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ വിധി. ദേശാഭിമാനി ഒരു മാധ്യമ സ്ഥാപനമാണെന്നും പൊതുജനങ്ങളില്‍ നിന്നും തുക പിരിച്ചെടുത്തുകൊണ്ടാണ് ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ട് സമൂഹത്തിനോട് ഉത്തരവാദിത്വമുള്ള ഒരു സ്ഥാപനമാണ് ദേശാഭിമാനി. അതിനാല്‍ അഴിമതി നിരോധന നിയമം ആ സ്ഥാപനത്തിനും ആ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ബാധകമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ മുഖ്യഘടകകക്ഷിയായ സി.പി.എമ്മിന്‍റെ മുഖപത്രമാണ് ദേശാഭിമാനി. അതിനാല്‍ ഈ സ്ഥാപനം വഴി സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കഴിയുമെന്ന വാദവും കോടതി അംഗീകരിച്ചു.
അഴിമതി നിരോധന നിയമത്തിലെ എട്ട്, ഒന്‍പത് വകുപ്പുകള്‍ പ്രകാരം അന്വേഷിക്കാനാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. കേസില്‍ ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നത് കൊണ്ട് മറ്റൊരു അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. ഈ വാദം കോടതി തള്ളി.
വക്കം ശശീന്ദ്രനാണ് ഹര്‍ജിക്കാരന് വേണ്ടി കോടതിയില്‍ ഹാജരായത്. ദേശാഭിമാനി ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ട് കോടി രൂപ ബോണ്ടായും ലിസില്‍ നിന്നു ഒരുകോടി രൂപ വാങ്ങിയതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കഴിഞ്ഞ ദിവസം വാദം കേട്ട കോടതി വെള്ളിയാഴ്ച് വിധി പറയുന്നതിലേക്കായി മാറ്റിവയ്ക്കുകയായിരുന്നു.
|