കൊച്ചി നഗരത്തിലെ മാലിന്യം നിക്ഷേപിക്കുന്ന പ്രശ്നത്തില്‍ ബ്രഹ്മപുരത്ത് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ദിനകര്‍ സന്ദര്‍ശനം നടത്തി.
കൊച്ചി കോര്‍പ്പറേഷനോടും കളക്ടറോടും മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും തിങ്കളാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച രാവിലെ പത്ത് മണിമുതലാണ് ജസ്റ്റിസ് ദിനകര്‍ ബ്രഹ്മപുരത്ത് സന്ദര്‍ശനം തുടങ്ങിയത്.
കോര്‍പ്പറേഷന്‍ സെക്രട്ടറി മിനി ആന്‍റണി, ചീഫ് എഞ്ചിനീയര്‍ തങ്കപ്പന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ മൈഥിലി ചെയര്‍മാനൊപ്പം ഉണ്ടായിരുന്നു.
മാലിന്യം നിക്ഷേപിച്ചിരിക്കുന്ന ചെല്ലിപ്പാടത്തും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്‍റിന്‍റെ പണി നടക്കുന്ന ബ്രഹ്മപുരത്തും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പരിശോധന നടത്തി. സമീപത്തുള്ള വീട്ടുകാരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ആവലാതികളുമായി കമ്മിഷന്‍റെ മുന്നിലെത്തി. ഏതൊരു മുന്‍കരുതലുകളും എടുക്കാതെയാണ് കൊച്ചി നഗരത്തിലെ മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
|