സംസ്ഥാനത്ത് 37 പേര്‍ക്ക് കൂടി ചിക്കുന്‍ഗുനിയ രോഗം ബാധിച്ചുവെന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്യൂട്ട് അറിയിച്ചു. മലപ്പുറത്തും കാസര്‍കോട്ടുമാണ് ചിക്കുന്‍ഗുനിയ പുതുതായി കണ്ടെത്തിയത്.
സംസ്ഥാന വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലെയും ആലപ്പുഴ മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘം പത്തനംതിട്ട ജില്ലയിലെ പനിബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയിരുന്നു. ഇവിടെ നേരത്തെ പനി വന്നവര്‍ക്ക് വീണ്ടും പനിവരുന്നതായും തൊലിപ്പുറത്ത് വ്രണങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഈ സാഹചര്യങ്ങളാണ് മെഡിക്കല്‍ സംഘം പ്രധാനമായും പരിശോധിച്ചത്. ശരീരത്തില്‍ വ്രണങ്ങളുണ്ടാകുന്നത് ത്വക്കിലെ അണുബാധ മൂലമാണെന്നും പ്രതിരോധ ശേഷികുറഞ്ഞവരിലാണ് ഇത് അധികമായി കാണുന്നതെന്നുമാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
എന്നാല്‍ ഇത്തരത്തിലുള്ള സംഭവം അപൂവ്വമാണെന്നും ഇവര്‍ പറയുന്നു. ഇക്കുറി പടര്‍ന്ന് പിടിച്ചിരിക്കുന്ന പനിയുടെ പ്രത്യേകതകള്‍ പരിശോധിക്കുമ്പോള്‍ ഇത് പരത്തുന്ന വൈറസുകള്‍ മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം.
ഈ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ നിന്നുമെടുത്ത രക്തസാമ്പിളുകള്‍ വൈറസ് പഠനങ്ങള്‍ക്കായി പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. പത്തനംതിട്ടയില്‍ നടത്തിയ പഠനങ്ങളുടെ പ്രാഥമിക റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മെഡിക്കല്‍ സംഘം നല്‍കി.
ഇതിനിടെ സംസ്ഥാനത്ത് 37 പേര്‍ക്ക് കൂടി ചിക്കുന്‍ ഗുനിയ കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട്ടും മലപ്പുറത്തുമാണ് പുതുതായി ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചിരിക്കുന്നത്.
|