പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ചിരിക്കുന്ന പനിയെക്കുറിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം.
സഭയില്‍ ശൂന്യവേള തുടങ്ങിയപ്പോള്‍ തന്നെ പകര്‍ച്ചപ്പനിയെക്കുറിച്ച് അടിയന്തിര ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ നിന്നുമുള്ള ശിവദാസന്‍ നായരാണ് ഈ ആവശ്യം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ഈ വിഷയം അടിയന്തിര പ്രമേയമായി അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ല.
ഈ വിഷയം നേരത്തെ സഭയില്‍ ചര്‍ച്ച ചെയ്തതാണെന്നും അതിനാല്‍ ആദ്യ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം ഇതംഗീകരിച്ചില്ല.
സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥ മൂലം പകര്‍ച്ചപ്പനി പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ഇതുമൂലം ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി അറിയിച്ചു. പനി നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.
അവര്‍ക്കായി പ്രഖ്യാപിച്ച ആശ്വാസ നടപടികളൊന്നും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. പകര്‍ച്ചപ്പനി മൂലം മരിച്ചവര്‍ക്കുള്ള ധന സഹായം പ്രഖാപിച്ചത് കഴിഞ്ഞ ദിവസം മാത്രമാണ്. ഇത് ചിക്കുന്‍ഗുനിയ മൂലം മരണപ്പെട്ടവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
പകര്‍ച്ചപ്പനിബാധിത പ്രദേശങ്ങളില്‍ സൌജന്യ റേഷന്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഇതുവരെ നല്‍കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
എന്നിട്ടും സ്പീക്കര്‍ വഴങ്ങാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചത്.
|