സംസ്ഥാനത്ത് പകര്‍ച്ചപ്പനിബാധ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി. തക്കാളിപ്പനിയെന്ന പേരില്‍ പല പുതിയ പനികളും രംഗത്തെത്തിയിട്ടുണ്ട്.
പനിബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുവെന്നും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ചുവെന്നും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സംസ്ഥാനത്ത് കൂടുതല്‍ പഠനം നടത്താന്‍ കേന്ദ്ര സംഘം കേരളം സന്ദര്‍ശിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെത്തുടര്‍ന്ന് ഒരു സംഘത്തെ അയയ്ക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
പനി നീണ്ടു നില്‍ക്കുന്നതും പനി വന്ന് ഭേദമായവര്‍ക്ക് തന്നെ വീണ്ടും പനി വരുന്നതും പനിക്ക് ശേഷം മേലാകെ ചൊറിഞ്ഞ് തടിക്കുകയും വ്രണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഇത് ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നു.
പുതുതായി കണ്ടെത്തിയ തക്കാളി പനിക്ക് പുറമേ മറ്റ് വല്ല പനിയുമുണ്ടോ, ചിക്കുന്‍ ഗുനിയബാധയ്ക്ക് ശേഷമുള്ള അലര്‍ജിയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഏത് തരം വൈറസാണ് പുതിയ പനിക്ക് കാരണമെന്നും പഠനം നടത്തും.
ഇതിനായി നാല് സ്ഥലങ്ങളില്‍ പഠനം നടത്താന്‍ സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. ഇതിന് ശേഷം മാത്രമേ കൃത്യമായ വിവരം നല്‍കാനാവൂവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഒരു മൈക്രോബയോളജി വിദഗ്ദ്ധന്‍, ഒരു കമ്യൂണിറ്റി മെഡിസിനിലെ വിദഗ്ദ്ധന്‍, ഒരു ജനറല്‍ ഫിസിഷ്യന്‍ എന്നിവരാണ് സംഘത്തിലുണ്ടാവുക. ഇവരെ സഹായിക്കാനായി രാജീവ് ഗാന്ധി ബയോടെക്നോളജിയിലെ ഒരു വിദഗ്ദ്ധനുമുണ്ടാകും.
കാഞ്ഞിരപ്പള്ളിയിലെ താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി, റാന്നിയിലെ കമ്യൂണിറ്റി മെഡിക്കല്‍ സെന്‍റര്‍, താലൂക്ക് ആശുപത്രി എന്നീ നാല് കേന്ദ്രങ്ങളിലാണ് പഠനം നടത്തുക.
|