കെ.എസ്. യു പ്രവര്‍ത്തകര്‍ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ ഓഫീസുകള്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച പ്രൈവറ്റ് ബസുകള്‍ പണിമുടക്കും.
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചതാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ മാസം 15 മുതല്‍ യാത്രായിളവുകള്‍ അനുവദിക്കില്ലെന്ന ബസുടമകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ ഓഫീസുകള്‍ അടിച്ചു തകര്‍ത്തത്.
കൊച്ചി പാലാരിവട്ടം ഓഫീസിലേക്ക് പ്രകടനമായി എത്തിയ കെ.എസ്. യു പ്രവര്‍ത്തകര്‍ കസേരകളും മറ്റ് ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. ഓഫീസിലെ ഫയലുകളും വലിച്ചെറിഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ഓടി രക്ഷപെട്ടു.
കോഴിക്കോട്ടെ നടക്കാവിലെ ഓഫീസിലേക്കായിരുന്നു രാവിലെ പത്ത് മണിക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്. ഓഫീസിലെ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറും ഇവര്‍ തല്ലിതകര്‍ത്തു. ഏഴോളം പ്രവര്‍ത്തകരാണ് ഇവിടെ അക്രമം നടത്തിയത്.
|