പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
ദേശാഭിമാനി പണമിടപാട് അന്വേഷിക്കണം - ചെന്നിത്തല
Ramesh chennithala
File
ദേശാഭിമാനി പത്രം നടത്തിയ പണമിടപാടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര കുറ്റവാളികളില്‍ നിന്നും പണം പറ്റിയ സി.പി.എം സംസ്ഥാന ഘടകത്തിനെതിരെ പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടപടിയെടുക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

സി.പി.എം ക്രിമിനല്‍ സ്വഭാവത്തില്‍ ജനങ്ങളില്‍ നിന്ന് എല്ലാം മറച്ചുവയ്ക്കുന്നു. പാര്‍ട്ടിക്കകത്ത് വിഭാഗീയത നിലനില്‍ക്കുന്നതിനാലാണ് സി.പി.എം നേതാക്കള്‍ നടത്തുന്ന തീവെട്ടിക്കൊള്ള പുറത്തുവന്നത്.

ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന പിണറായി വിജയന്‍റെ പ്രസ്താവനയുടെ അര്‍ത്ഥം ഇപ്പോഴാണ് മനസിലായത് - രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി എങ്ങനെ പണം പിരിക്കണമെന്ന വ്യക്തമായ നിര്‍ദ്ദേശം 18-)ം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.

കളങ്കമുള്ളവരില്‍ നിന്നും പണം വാങ്ങരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശത്തിന് വിരുദ്ധമായി ദേശാഭിമാനിയുടെ നടത്തിപ്പിനായി രണ്ടു കോടി രൂപ ലോട്ടറി രാജാവായ മാര്‍ട്ടിനില്‍ നിന്നും വാങ്ങിയത് എന്തിനാണെന്ന് സി.പി.എം വ്യക്തമാക്കണം.

ഇങ്ങനെ പാര്‍ട്ടി നിര്‍ദ്ദേശത്തിന് വിരുദ്ധമായി പണം വാങ്ങിയതിന് സംസ്ഥാന ഘടകത്തിനെതിരെ നടപടിയെടുക്കാന്‍ പ്രകാശ് കാരാട്ട് തയാറാകുമോയെന്നും ചെന്നിത്തല ചോദിച്ചു. ലോട്ടറി മാഫിയയെ സഹായിച്ചതിനുള്ള പ്രതിഫലമാണ് രണ്ട് കോടി രൂപ കോഴയായി ലഭിച്ചത്.

ഈ കോഴയ്ക്കു പിന്നില്‍ വന്‍ സ്രാവുകളാണുള്ളത്. വേണുഗോപാലിനെ ബലിയാടാക്കി ഈ ഉന്നതര്‍ രക്ഷപ്പെടുകയാണ്. സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വേണുഗോപാലിനെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കി കേസെടുക്കണം - ചെന്നിത്തല ആവശ്യപ്പെട്ടു.

ദേശാഭിമാനി കമ്പനിയല്ലെന്നാണ് ജനറല്‍ മാനേജര്‍ ഇ.പി ജയരാജന്‍ പറയുന്നത്. എന്നാല്‍ പത്രത്തിന്‍റെ വെബ്സൈറ്റില്‍ ദേശാഭിമാനി കമ്പനിയാണെന്ന് പറയുന്നു. കൃത്യമാ‍യ ബാലന്‍സ് ഷീറ്റ് പോലും ഈ സ്ഥാപനം പ്രസിദ്ധീകരിച്ചിട്ടില്ല.

എത്ര കമ്പനികളായാണ് ദേശാഭിമാനി പ്രവര്‍ത്തിക്കുന്നതെന്നും, എത്ര കോടിയാണ് വാങ്ങിയിരിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യാജലോട്ടറിക്കെതിരെ നാടെങ്ങും പാടി നടന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണ്.

ഈ മൌനം ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ്. മാതൃഭൂമി ദിനപ്പത്രം മഞ്ഞപ്പത്രമാണെന്ന പി.ജയരാജന്‍റെ പ്രസ്താവനയെ ചെന്നിത്തല ശക്തമായി അപലപിച്ചു. സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പത്രമാണ് മാതൃഭൂമിയെന്ന് ചെന്നിത്തല പറഞ്ഞു.
കൂടുതല്‍
ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്
കൊച്ചി: മാലിന്യനീക്കം നാട്ടുകാര്‍ തടഞ്ഞു
സുനാമി: പുനരധിവാസം തൃപ്തികരമല്ല
സിവില്‍സപ്ലൈസ്: സി.ബി.ഐ അന്വേഷണം തുടങ്ങി
സിപിഎം സമിതി യോഗം ഇന്ന്
തൂതം‌പാറ: പോപ്സണിന് നല്‍കില്ല