പ്രധാന താള്‍  വാര്‍ത്ത  വാര്‍ത്താ ലോകം  കേരള വാര്‍ത്ത
 
പ്രവേശനപരീക്ഷ: സംരക്ഷണം നല്‍കാനാവില്ലെന്ന്
സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്‍റുകള്‍ നടത്താനിരിക്കുന്ന പൊതുപ്രവേശന പരീക്ഷയ്ക്ക് പൊലീസ് സംരക്ഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.

ഇടത് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു സ്വശ്രയ മെഡിക്കല്‍ കോളജുകള്‍ തങ്ങള്‍ നടത്തുന്ന പ്രവേശന പരീ‍ക്ഷയ്ക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം വിശദമായി വാദം കേട്ട ശേഷമാണ് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

പ്രവേശന പരീക്ഷയെ തടസ്സപ്പെടുത്താന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും യുവജന സംഘടനകളും ശ്രമിക്കും. അതിനാല്‍ പരീ‍ക്ഷയെഴുതാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മെഡിക്കല്‍ മാനേജ്‌മെന്‍റ് അസോസിയേഷന്‍ പ്രതിനിധികള്‍ക്കും പൊലീസ് സംരക്ഷണം വേണമെന്നായിരുന്നു അസോസിയേഷന്‍ പ്രധാനമായും വാദിച്ചത്.

എന്നാല്‍ ഈ വാദത്തെ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ എതിര്‍ത്തു. ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം മാനേജ്‌മെന്‍റുകള്‍ക്ക് പ്രവേശന പരീക്ഷ നടത്താന്‍ അനുവാദമില്ല. അതിനാല്‍ പരീക്ഷ നിയമവിരുദ്ധമാണെന്ന് അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു.

നിയമവിരുദ്ധമായ ഒരു പരീ‍ക്ഷയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ വാദം കണക്കിലെടുത്ത കോടതി മാനേജ്‌മെന്‍റുകളുടെ ആവശ്യം തള്ളുകയായിരുന്നു. ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന പ്രവേശന പരീ‍ക്ഷയ്ക്ക് 3200 വിദ്യാര്‍ത്ഥികളാണ് എത്തുന്നത്.

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേ സ്വാശ്രയ ബി.ഫാം കോളജുകള്‍ നടത്താനിരിക്കുന്ന പൊതുപ്രവേശന പരീക്ഷയ്ക്കും പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൂടുതല്‍
കാണാതായ മകനെത്തേടി അമ്മയെത്തി
ദേവപ്രശ്നം: തന്ത്രി പങ്കെടുത്തിരുന്നില്ലെന്ന്
എച്ച്.ഐ.വി: പാമ്പാടിയില്‍ അധ്യയനം മുടങ്ങുന്നു
വിജയനെതിരായ നടപടികള്‍ നിര്‍ത്താന്‍ ഉത്തരവ്
മൂന്നാര്‍: അബാദിനെതിരെ നടപടി
കനത്തമഴ നാശം വിതയ്ക്കുന്നു