തദ്ദേശസ്വയംഭരണ മന്ത്രി പാലൊളിമുഹമ്മദ് കുട്ടിക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഹൈക്കോടതി നടപടികള്‍ മാത്രമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. സുപ്രീംകോടതി അനുവദിക്കുകയാണെങ്കില്‍ മാപ്പപേക്ഷ കോടതിയില്‍ നല്‍കാന്‍ തയ്യാറാണെന്ന് പാലൊളിയുടെ അഭിഭാഷകര്‍ സുപ്രീകോടതിയില്‍ വ്യക്തമാക്കി. ഇത് കോടതി അംഗീകരിക്കുകയും നിരുപാധികം മാപ്പപേക്ഷ നല്‍കാന്‍ പാലൊളിയെ അനുവദിക്കുകയും ചെയ്തു.
കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതിയില്‍ തന്നെ പരിഹരിക്കാമെന്ന സൂചനയാണ് കോടതി നല്‍കിയത്. മാധ്യമങ്ങള്‍ തെറ്റായാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്ന് മന്ത്രി കോടതിയെ ധരിപ്പിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ എന്തിനാണ് നിരുപാധിക മാപ്പപേക്ഷ നല്‍കാമെന്ന് പറയുന്നതെന്ന് കോടതി ചോദിച്ചു.
എങ്കിലും പലൊളിക്കെതിരായ ഹൈക്കോടതി നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് സുപ്രീംകോടതിയില്‍ തുടരും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും ജസ്റ്റിസ് ആര്‍.വി. രവീന്ദ്രനുമാണ് കേസ് പരിഗണിച്ചത്. മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നടത്തിയ ഒരു പ്രസംഗത്തിന്‍റെ പേരിലാണ് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തത്.
തനിക്കെതിരെയുള്ള ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി പാലൊളി സുപ്രീംകോടതിയില്‍ ഹര്‍ജ്ജി ന ല്‍കിയത്. പാലൊളിക്ക് വേണ്ടി കെ.കെ.വേണുഗോപാലാണ് കോടതിയില്‍ ഹാജരായി.
|