വിശ്വസാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് അന്തരിച്ചു

മെക്സികോ സിറ്റി| WEBDUNIA|
PRO
PRO
കൊളംബിയന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ വിശ്വസാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്(89) അന്തരിച്ചു. മെക്സിക്കോയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖവും മൂത്രത്തില്‍ അണുബാധയും മുലം കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇന്ത്യന്‍സമയം വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിനാണ് മരണം സംഭവിച്ചത്.

1927-ല്‍ വടക്കന്‍ കൊളംബിയയിലെ അരക്കറ്റാക്കയില്‍ ജനനം. 30 വര്‍ഷമായി മെക്സിക്കോ സിറ്റിയിലാണു താമസം. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലെ കുലപതികളിലൊരാളാണ് മാര്‍ക്കേസ്. മാജിക്കല്‍ റിയലിസത്തിന്റെ വിഭ്രമിപ്പിക്കുന്ന ഭാവനാലോകങ്ങള്‍ തുറന്നിടുന്നവയാണ് മാര്‍കേസിന്റെ മിക്കവാറും നോവലുകള്‍.
ലോകമെങ്ങും 'ഗാബോ എന്നറിയപ്പെട്ട മാര്‍ക്കേസിന്റെ 1967 ല്‍ പുറത്തിറങ്ങിയ പ്രശസ്ത നോവല്‍ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ 25 ഭാഷകളിലായി അഞ്ചുകോടി പ്രതികളാണു വിറ്റുപോയത്. 1982ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടി. ' ഓട്ടം ഓഫ് ദ് പേട്രിയാര്‍ക്ക്, ലവ് ഇന്‍ ദ് ടൈം ഓഫ് കോളറ , ലീഫ് സ്റ്റോം, ഇന്‍ എവിള്‍ അവര്‍, ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ ടോള്‍ഡ്, സ്റ്റോറി ഓഫ് എ ഷിപ്റെക്ക്ഡ് സെയിലര്‍ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.

'മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോര്‍സ് ആയിരുന്നു ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. ആത്മകഥയായ ലിവിംഗ് ടു ടെല്‍ ദ് ടേലിന്റെ രണ്ടാം ഭാഗം എഴുതുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യക്തിബന്ധങ്ങള്‍ക്കു മുറിവേല്‍ക്കുമെന്ന ആശങ്കമൂലം പിന്‍വാങ്ങുകയായിരുന്നു. ഏറെക്കാലമായി അധികമൊന്നും എഴുതാതിരുന്ന മാര്‍ക്കേസ്. അസുഖബാധിതനാകുന്നതു വരെ പുതിയൊരു നോവലിന്റെ പണിപ്പുരയിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :