ബാലരതി; വയസന്‍ സ്വാമിജി അഴിയെണ്ണും!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ബാലരതി നടത്തിയെന്ന് കോടതി കുറ്റം ചുമത്തിയ വയസന്‍ സ്വാമിജി ‘20’ വര്‍ഷം അഴിയെണ്ണേണ്ടിവരും. അമേരിക്കയിലെ ഓസ്റ്റിനില്‍ ബര്‍സന ധാം എന്ന പേരില്‍ ആശ്രമം നടത്തുന്ന ആത്മീയ ഗുരു പ്രകാശാനന്ദ സരസ്വതിയാണ് തിങ്കളാഴ്ച അമേരിക്കന്‍ കോടതി പ്രഖ്യാപിക്കുന്ന വിധിയെയും കാത്ത് കഴിയുന്നത്. ഇപ്പോള്‍ യുവതികളായ രണ്ടുപേരെ അവര്‍ കുട്ടികളായിരിക്കുമ്പോള്‍ തൊട്ട് പീഡിപ്പിച്ചതിനാണ് അമേരിക്കന്‍ കോടതി ഗുരുജിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷിക്കപ്പെട്ടാല്‍ ചുരുങ്ങിയത് ഇരുപത് വര്‍ഷമെങ്കിലും സ്വാമിജിക്ക് ജയിലില്‍ കഴിയേണ്ടി വരും. സ്വാമിജിക്ക് 82 വയസുണ്ട്. 200 ഏക്കര്‍ വിസ്തൃതിയിലാണ് ബര്‍സന ധാം ആശ്രമം പരന്ന് കിടക്കുന്നത്.

ശ്യാമ റോസ് (30), വെസ്‌ല ടോണിസന്‍ കാസിമെര്‍ (27), എന്നീ യുവതികളാണ് പരാതിക്കാര്‍. അവര്‍ക്ക് 12 വയസ്സ് ഉള്ളപ്പോള്‍ മുതല്‍ സ്വാമി ഇവരെ പീഡിപ്പിച്ച് വരികയായിരുന്നു എന്നാണ് ആരോപണം. യുവതികളുടെ പരാതിയെ തുടര്‍ന്ന് 2008-ല്‍ സ്വാമിജി അറസ്റ്റിലായിരുന്നു. എന്നാല്‍ ഒരു ദശലക്ഷം യുഎസ് ഡോളര്‍ കെട്ടിവച്ചതിനാല്‍ സ്വാമിജിക്ക് ജാമ്യം ലഭിച്ചു. കേറ്റ് ടോണിസന്‍ (31) എന്ന് പേരുള്ള മറ്റൊരു യുവതിയും ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ആശ്രമ പരിസരത്ത് തന്നെയാണ് പരാതികാരായ യുവതികളുടെ കുടുംബങ്ങള്‍ താമസിച്ചിരുന്നത്.

തങ്ങളുടെ കുട്ടിക്കാലം തൊട്ടേ സ്വാമിയുടെ ‘തലോടലും തപ്പിനോക്കലും’ അനുഭവിച്ചുവരികയാണെന്ന് യുവതികള്‍ കോടതിയെ ബോധിപ്പിച്ചു. പണ്ടുതന്നെ ഇതെല്ലാം തുറന്ന് പറയണമെന്ന് തോന്നിയെങ്കിലും സ്വാമിജിയെ ഭയമുള്ളതുകൊണ്ട് എല്ലാം മൂടിവയ്ക്കുകയായിരുന്നു എന്നും യുവതികള്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായി അല്‍‌പം ധൈര്യം വന്നതില്‍ പിന്നെയാണ് സ്വാമിജിയെ പൊതുജനത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ ധൈര്യം വന്നതെന്നും മറ്റ് പല പെണ്‍കുട്ടികളെയും സ്വാമി ലൈംഗികോദ്ദേശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകാം എന്നും യുവതികള്‍ കോടതിയോട് പറഞ്ഞു.

സ്വാമിജി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചപ്പോള്‍ യുവതികള്‍ വിതുമ്പിക്കരഞ്ഞു. നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തുടര്‍ന്നൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ വിഷമിക്കുന്നതിനാല്‍ സ്വാമിജിക്ക് പ്രത്യേക കസേര കോടതി മുറിയില്‍ അനുവദിച്ചിരുന്നു. താന്‍ കുറ്റക്കാരനാണെന്ന് കോടതി അറിയിച്ചപ്പോള്‍ ഒരു ഭാവഭേദവും ഇല്ലാതെയാണ് സ്വാമിജി ഇരുന്നത്. എന്നാല്‍ സ്വാമിജി നിഷ്കളങ്കന്‍ ആണെന്നും സ്വാമിജിയെ കോടതി ശിക്ഷിക്കുകയാണെങ്കില്‍ അപ്പീലിന് പോകുമെന്നും ബര്‍സന ധാം ആശ്രമം അധികൃതര്‍ അറിയിച്ചു. ഇത്ര വര്‍ഷമാണ് സ്വാമിജി അഴിയെണ്ണേണ്ടി വരിക എന്ന് ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി അറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :