ചെയുടെ മോട്ടോര്‍ സൈക്കിള്‍ തോഴന്‍ വിടവാങ്ങി

ലണ്ടന്‍| WEBDUNIA|
PRO
ക്യൂബന്‍ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായ ഏണസ്‌റ്റോ ചെ ഗുവേരയുടെ ഉറ്റതോഴനായിരുന്ന ആല്‍ബെര്‍ട്ടോ ഗ്രനാഡോ ക്യൂബയില്‍ അന്തരിച്ചു. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇവര്‍ ഒരുമിച്ച് നടത്തിയ എട്ട് മാസം നീണ്ട മോട്ടോര്‍ സൈക്കിള്‍ യാത്രയിലൂടെയായിരുന്നു ചെ ഗുവേരയെന്ന മാര്‍ക്സിസ്‌റ്റ് വിപ്ലവ നേതാവ് പിറവിയെടുത്തത്.

വൈദ്യശാസ്ത്ര പഠനത്തിനിടെ ചെഗുവേരയും ഗ്രനാഡോയും ലാറ്റിനമേരിക്കയിലുടനീളം നടത്തിയ യാത്രകളിലൂടെ സാധാരണക്കാരുടെ ദരിദ്രമായ ചുറ്റുപാടുകള്‍ നേരിട്ട് മനസ്സിലാക്കുകയായിരുന്നു. ഈ പ്രദേശങ്ങളിലെ സാമൂഹിക സാമ്പത്തിക വ്യതിയാനങ്ങള്‍ക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലേക്ക് ചെ ഗുവേരയെ എത്തിച്ചത് യാത്രയിലെ അനുഭവങ്ങളും നിരീക്ഷണങ്ങളുമാ‍യിരുന്നു.

പകര്‍ന്ന ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ചെ ഗുവേര ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ക്യൂബന്‍ ഏകാധിപതിയെ പോരാട്ടത്തിലൂടെ തുരത്തി അധികാരം പിടിച്ചെടുത്ത ശേഷം ചെ ഗുവേര ഗ്രനാഡോയെയും ക്യൂബയിലേക്ക് കൊണ്ടുവന്നു. 1961-ല്‍ ആയിരുന്നു ഇത്. തുടര്‍ന്ന്, ഗ്രനാഡോ ഹവാന സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി അധ്യാപകനായി ജോലി നോക്കി.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു ഗ്രനാഡോയുടെ മരണം. മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്മം ക്യൂബ, അര്‍ജന്റീന, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ വിതറണം എന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.

ചെഗുവേരയുടെയും ഗ്രനാഡോയുടെയും ഡയറിക്കുറിപ്പുകള്‍ ആസ്പദമാക്കിയാണ് 2004-ല്‍ ‘മോട്ടോര്‍സൈക്കിള്‍ ഡയറീസ്’ എന്ന സിനിമ പുറത്തിറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :