ലിബിയയില്‍ തെരുവ് യുദ്ധം രൂക്ഷമായി

ട്രിപ്പോളി| WEBDUNIA|
PRO
ലിബിയയിലെ കലാപം ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ രാജ്യത്തെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറുകയാണ്. ഗദ്ദാഫി അനുകൂല സൈനികര്‍ ട്രിപ്പോളി നഗരത്തില്‍ ഞായറാഴ്ച അതിരൂക്ഷമായ വ്യോമാക്രമണം നടത്തി എന്നാണ് റിപ്പോര്‍ട്ട്. ബന്‍‌ഗാസിയില്‍ രാജ്യത്തെ ഏറ്റവും വലിയ ആയുധശേഖരം നശിപ്പിക്കാനുള്ള ശ്രമത്തിനിടെ വന്‍പൊട്ടിത്തെറിയുണ്ടായി. ഇതില്‍ 17 പേര്‍ കൊല്ലപ്പെട്ടു.

നഗരത്തിന്റെ നിയന്ത്രണം സൈന്യം പ്രക്ഷോഭകാരികളില്‍ നിന്ന് പിടിച്ചെടുത്തു. ഏറ്റുമുട്ടലിനിടെ ആറ് പേര്‍ കൊല്ലപ്പെട്ടു. എണ്ണപ്പാടങ്ങളുടെ നഗരമായ റാസ് ലാനുഫില്‍ പ്രക്ഷോഭകര്‍ സൈന്യത്തിന്റെ വിമാനം വെടിവച്ചിട്ടു.

എന്നാല്‍ പ്രക്ഷോഭകരെ അനുകൂലിക്കുന്ന സൈന്യം രാജ്യത്ത് മുന്നേറ്റം തുടരുകയാണെന്ന് വിമത കമാന്‍ഡര്‍ ബഷീര്‍ അബ്ദുള്‍ ഗദീര് അവകാശപ്പെട്ടു‍. ഗദ്ദാഫിയുടെ ജന്മനാടിന് സമീപത്തുള്ള അല്‍ നൗഫാലിയ നഗരം പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.

അതിനിടെ ലിബിയയിലേക്ക്‌ പ്രത്യേക പ്രതിനിധിയെ നിയമിച്ചതായി യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. ജോര്‍ദാനിലെ വിദേശകാര്യമന്ത്രിയായ അബ്ദേയില്ല അല്‍ ഖാത്തിബിനെയാണ്‌ യു എന്നിന്റെ പ്രതിനിധിയായി അയക്കുന്നത്. നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള അടിയന്തിര ചര്‍ച്ചകള്‍ക്കായാണ്‌ പ്രതിനിധിയെ നിയമിച്ചിരിക്കുന്നത്.

ഇതിനിടെ, ഏട്ട് ബ്രിട്ടീഷ് സൈനികരെ വിമത സൈന്യം തടവിലാക്കിയതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :