വിക്കിലീക്സ്: കുറ്റാരോപിതനെ ജയിലില്‍ നഗ്നനാക്കി!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
യുഎസ് നയതന്ത്രരേഖകള്‍ വിക്കീലീക്സിന് ചോര്‍ത്തി നല്‍കിയെന്ന് സംശയിക്കുന്ന മുന്‍ സൈനികന് ജയിലില്‍ പീഡനപര്‍വം. ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബ്രാഡ്‌ലി മാനിംഗ് എന്ന സൈനികനോട് അമേരിക്കന്‍ സൈനിക ജയില്‍ അധികൃതര്‍ നഗ്നനായി ഉറങ്ങിയാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ഇയാ‍ളുടെ അഭിഭാഷകനാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, മാനിംഗ് ആത്മഹത്യാ ശ്രമം നടത്തില്ല എന്ന് ഉറപ്പുവരുത്താനാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശം നല്‍കിയതെന്ന് യുഎസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെ മാനിംഗ് 250,000 രഹസ്യ കേബിളുകള്‍ വിക്കീലീക്സിന് കൈമാറിയെന്നാണ് കുറ്റം. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളെക്കുറിച്ചുള്ള രേഖകളാണ് ഇയാള്‍ കമ്പ്യൂട്ടറില്‍ നിന്ന് മോഷ്‌ടിച്ച് നല്‍കിയത്.

വിക്കീലീക്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ രേഖകളും വീഡിയോകളും അമേരിക്കയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു ഉണ്ടാക്കിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിന് ശേഷം മേയില്‍ ആണ് മാനിംഗ് അറസ്റ്റിലായത്. 33 കുറ്റങ്ങളാണ് ഇയാളുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.

ജയിലില്‍ ആത്മഹത്യാശ്രമം നടത്തുന്നവരുടെ വസ്ത്രങ്ങള്‍ മാത്രമേ നിയമ പ്രകാരം ഊരിമാറ്റാന്‍ അനുവാദമുള്ളൂ. എന്നാല്‍, മാനിംഗ് ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇരുപത്തിമൂന്നുകാരനായ ഇയാളെ അതീവ സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ദിവസത്തില്‍ 23 മണിക്കൂറും ഇയാള്‍ ഏകാന്ത തടവിലാണ് കഴിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :