ബാഗ്ദാദ്, ബുധന്‍, 8 സെപ്റ്റംബര്‍ 2010( 16:12 IST )
ഇറാഖില്‍ ടി വി അവതാരകനെ വെടിവച്ചു കൊന്നു. അല്‍ ഇറാഖിയ ടി വി ചാനലിലെ പ്രമുഖ്യ അവതാരകനായ റിയാദ് അല്‍ സരായ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതനായ തോക്കുധാരി റിയാദിനു നേരെ നിറയൊഴിക്കുകയായിരുന്നു. പടിഞ്ഞാറന്‍ ബാഗ്ദാദിലെ മന്‍സൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.
കര്‍ബലയിലേക്ക് കാറില്‍ സ്വയം ഡ്രൈവ് ചെയ്തുപോകുമ്പോഴാണ് റിയാദിന് വെടിയേറ്റത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് വെടിശബ്ദം ഒന്നും കേട്ടില്ലെന്നാണ് ട്രാഫിക് പൊലീസുകാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സൈലന്‍സര്‍ ഘടിപ്പിച്ച തോക്കായിരിക്കാം കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം.
35കാരനായ റിയാദ് അല്‍ സരായ് 2005ലാണ് അല്‍ ഇറാഖിയയില്‍ ചേരുന്നത്. രാഷ്ട്രീയം, മതം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളുടെ അവതരണത്തിലൂടെയാണ് റിയാദ് ശ്രദ്ധേയനാകുന്നത്.
സദ്ദാം ഹുസൈന്‍റെ ഭരണകാലത്തിന് ശേഷം അല്‍ ഇറാഖിയയുടെ 15 പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 2003 മുതലുള്ള കണക്കുകള്‍ പ്രകാരം 230 മാധ്യമപ്രവര്‍ത്തകര്‍ ഇറാഖില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതു സംബന്ധിച്ച സുപ്രധാനമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് റിയാദ് അല്‍ സരായും അക്രമികള്‍ക്ക് ഇരയായത്.