വര്‍ഷങ്ങള്‍ക്ക് ശേഷം ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോ ഹവാന സര്‍വകലാശാലയില്‍ ഒരു കൂറ്റന്‍ വിദ്യാര്‍ത്ഥി റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വെള്ളിയാഴ്ചയായിരുന്നു കാസ്ട്രോ പങ്കെടുത്ത റാലി.
ആയിരക്കണക്കിന് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്ത കാസ്ട്രോ തന്റെ ഇഷ്ട വേഷമായ ഒലിവ് നിറത്തിലുള്ള സൈനിക യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്. എന്നാല്‍, അധികാര ചിഹ്നങ്ങളൊന്നും ധരിച്ചിരുന്നില്ല.
ഇനിയൊരിക്കലും ഈ സര്‍വകലാശാലയുടെ പടി കയറാന്‍ ആരോഗ്യം അനുവദിക്കില്ല എന്നാണ് കരുതിയിരുന്നത് എന്ന് പറഞ്ഞ കാസ്ട്രോ തന്റെ പ്രസംഗത്തില്‍, ആസന്നമാവുന്ന ആണവ യുദ്ധത്തെ കുറിച്ചുള്ള മുന്നറിയിപ്പും നല്‍കി. യുഎസ് അല്ലെങ്കില്‍ ഇസ്രയേല്‍ ഇറാനു നേര്‍ക്ക് നടത്തുന്ന ആക്രമണമായിരിക്കും ആണവ യുദ്ധത്തിനു കാരണമാവുക എന്നാണ് കാസ്ട്രോ നല്‍കുന്ന മുന്നറിയിപ്പ്.
1940 കളുടെ അവസാനത്തില്‍ ഹവാന സര്‍വകലാശാലയില്‍ വച്ചാണ് താനൊരു വിപ്ലവകാരിയായി മാറിയത് എന്ന് കാസ്ട്രോ പല അവസരങ്ങളിലും പറഞ്ഞിരുന്നു.
ഉദര ശസ്ത്രക്രിയയെ തുടര്‍ന്ന് ശയ്യാവലംബിയായ കാസ്ട്രോ 2006 ല്‍ ആണ് അധികാരം അനുജന്‍ റൌള്‍ കാസ്ട്രോയ്ക്ക് കൈമാറ്റം ചെയ്തത്. നാല് വര്‍ഷത്തോളം പൊതു പരിപാടികളില്‍ പ്രത്യക്ഷപ്പെടാതിരുന്ന കാസ്ട്രോ കഴിഞ്ഞ മൂന്ന് ആഴ്ചകളായി എട്ടോളം പൊതു പരിപാടികളില്‍ പങ്കെടുത്തു.