സില്‍വര്‍ സ്പ്രിംഗ്, വ്യാഴം, 2 സെപ്റ്റംബര്‍ 2010( 10:12 IST )
ഡിസ്കവറി ചാനല്‍ ഓഫീസില്‍ കടന്നുകയറി മൂന്ന് ജീവനക്കാരെ ബന്ദികളാക്കിയ തോക്കുധാരിയായ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു. ഇയാള്‍ ബന്ദികളാക്കിയ ജീവനക്കാരെ പൊലീസ് മോചിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും ഏഷ്യന്‍വംശജനുമായ ജെയിംസ് ലീയാണ് ഡിസ്‌കവറി ചാനലിന്‍റെ ഓഫീസില്‍ കടന്ന് മൂന്ന് ജീവനക്കാരെ ബന്ദികളാക്കിയത്.
മണിക്കൂറുകളോളം അനുരഞ്ജന ശ്രമം നടത്തിയിട്ടും ജീവനക്കാരെ മോചിപ്പിക്കാന്‍ ലീ തയ്യാറായില്ല. നാലുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തങ്ങള്‍ക്കിടെ അക്രമിയുടെ ശരീരത്തില്‍ കെട്ടിവെച്ച സ്‌ഫോടക വസ്തുക്കള്‍ പുകഞ്ഞപ്പോഴാണ് പോലീസ് ഇയാളെ വെടിവെച്ച് വീഴ്ത്തിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇയാള്‍ ചാനലിന്‍റെ ഓഫീസിലെത്തിയത്.
ഡിസ്‌കവറി ചാനലിനെതിരെ സ്ഥിരം പ്രതിഷേധം നടത്തുന്ന ആളാണ് ജെയിംസ് ലീ. 2008 മാര്‍ച്ചില്‍ ലീയെ ആറുമാസം നല്ലനടപ്പിന് കോടതി വിധിച്ചിരുന്നു. തോക്കുയര്‍ത്തി ദേഹത്തു കെട്ടിവെച്ച സ്‌ഫോടക വസ്തുക്കള്‍ കാണിച്ചാണ് ഇയാള്‍ മൂന്നുപേരെ ബന്ദികളാക്കിയത്.
പരിസ്ഥിതി പ്രവര്‍ത്തകനായ ലീ 'സേവ് ദി പ്ലാനെറ്റ് ' എന്ന പേരില്‍ സ്വന്തമായി ഒരു വെബ്‌സൈറ്റും നടത്തുന്നുണ്ട്.