പാക് ആണവ കരാര്‍ നിയമാനുസൃതം: ചൈന

ബീജിംഗ്| WEBDUNIA| Last Modified വ്യാഴം, 17 ജൂണ്‍ 2010 (18:10 IST)
പാകിസ്ഥാനുമായുള്ള ആണവ കരാര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് ചൈന. പാകിന് രണ്ട് ആണവ റിയാക്ടറുകള്‍ കൈമാറുന്നത് നിയമാനുസൃതമാണെന്നും വ്യക്തമാക്കി. ചൈനയും പാകുമായുള്ള ആണവ കരാറിനെ കുറിച്ച് യുഎസ് ആശങ്ക പ്രകടിപ്പിച്ചതിന് വിശദീകരണം നല്‍കുകയായിരുന്നു ചൈനീസ് വിദേശകാര്യവക്താവ് ക്വിങ്ങ് ഗാങ്ങ്.

ആഭ്യന്തര ഉപയോഗത്തിനായുള്ള ആണവോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ ചൈനയും പാകിസ്ഥാനുമായി അടുത്തകാലത്ത് സഹകരിച്ചു വരികയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങക്ക് അനുസൃതമായതുമായ സഹകരണം സമാധാനപരമായ ഊര്‍ജ്ജ ഉല്‍പ്പാദനത്തിനാണ്, ക്വിങ്ങ് ഗാങ്ങ് പറഞ്ഞു.

പാകിസ്ഥാനുമായുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനു മുമ്പ് കരാര്‍ ആണവ വിതരണ രാജ്യങ്ങള്‍ അംഗീകരിച്ചോ എന്ന് വ്യക്തമാക്കണമെന്ന് യുഎസ് വിദേശകാര്യ വക്താവ് ഫിലിപ് ക്രോവ്‌ലി ആവശ്യപ്പെട്ടിരുന്നു.

പാകിസ്ഥാനിലെ പഞ്ചാബില്‍ ചൈനീസ് കമ്പനികളുടെ സഹായത്തോടെ പാകിസ്ഥാന്‍ രണ്ട് 650 മെഗാവാട്ട് റിയാക്ടറുകള്‍ സ്ഥാപിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :