മഞ്ഞക്കടലില്‍ യു‌എസ്-കൊറിയന്‍ സൈനികാഭ്യാസം

സിയോള്‍| WEBDUNIA| Last Modified ബുധന്‍, 2 ജൂണ്‍ 2010 (16:43 IST)
ഉത്തരകൊറിയയ്ക്കെതിരാ‍യ ഭീഷണി ഒന്നുകൂടി ശക്തമാക്കി മഞ്ഞക്കടലില്‍ ദക്ഷിണകൊറിയയും യു‌എസും സംയുക്ത സൈനികാഭ്യാസത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ മാസം എട്ടു മുതല്‍ പതിനൊന്ന് വരെയാണ് സൈനികാഭ്യാസം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയന്‍ യുദ്ധക്കപ്പല്‍ കടലില്‍ മുക്കിയതുമായി ബന്ധപ്പെട്ട് ഇരുകൊറിയകളും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കെയാണ് നീക്കം.

കഴിഞ്ഞ മാസം ദക്ഷിണകൊറിയന്‍ നാവികസേന മഞ്ഞക്കടലില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യു‌എസുമായി സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നത്. സംയുക്ത സൈനികാഭ്യാസത്തെക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ ദക്ഷിണകൊറിയന്‍ സൈനിക വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ ആണവവാഹിനിക്കപ്പലുകള്‍ ഉള്‍പ്പെടെ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് ദക്ഷിണകൊറിയന്‍ സൈനിക വൃത്തങ്ങള്‍ സൂചന നല്‍കി. മാര്‍ച്ച് ഇരുപത്തിയാറിനാണ് ദക്ഷിണകൊറിയന്‍ യുദ്ധക്കപ്പല്‍ കടലില്‍ മുങ്ങിയത്. കപ്പല്‍ ഉത്തരകൊറിയയാണ് മുക്കിയതെന്നാണ് ദക്ഷിണകൊറിയയുടെ ആരോപണം. സംഭവത്തെക്കുറിച്ച് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തിയ അന്വേഷണത്തിലും ഉത്തരകൊറിയയ്ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :