ലാദന്‍ ബ്രട്ടീഷ് എയര്‍‌വെയ്സിലെ സ്ഥിരം യാത്രക്കാരന്‍

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 1 ജൂണ്‍ 2010 (19:45 IST)
PRO
അല്‍-കൊയ്ദ നേതാവും ലോകരാജ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന തീവ്രവാദിയുമായ ഒസാമ ബിന്‍ ലാദന്‍ ബ്രട്ടീഷ് എയര്‍‌വെയ്സിലെ സ്ഥിരം യാത്രക്കാരന്‍. ബ്രട്ടീഷ് എയര്‍വെയ്സിലെ സ്റ്റാഫുകള്‍ പുറത്തിറക്കിയ മാഗസിന്‍റെ പുറം ചിത്രത്തിലാണ് ഒസാമ ബിന്‍ ലാദനെ കമ്പനിയുടെ സ്ഥിരം യാത്രക്കാരനായി ചിത്രീ‍കരിച്ചിരിക്കുന്നത്.

ഐ ഫോണുകള്‍ വഴി ബോര്‍ഡിംഗ് പാസുകള്‍ യാത്രക്കാരില്‍ എത്തിക്കുന്നതിന്‍റെ പ്രചരണാര്‍ത്ഥമാണ് ചിത്രം. വിമാനത്താ‍വളത്തില്‍ ചെക്‍ ഇന്‍ സെന്‍ററില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ ഐ ഫോണ്‍ ബോര്‍ഡിംഗ് പാസുമായി എത്തിയ യാത്രക്കാരനെ പുഞ്ചിരിയോടെ സ്വാ‍ഗതം ചെയ്യുന്നു. ഇതിനു പിന്നില്‍ യാത്രക്കാരന്‍റെ കയ്യിലുള്ള ഐ ഫോണിലെ ബോര്‍ഡിംഗ് പാസിന്‍റെ ക്ലോസപ്പ് ചിത്രമാണ് വിവാദമായത്. ഐ ഫോണ്‍ സ്ക്രീനില്‍ തെളിഞ്ഞുകാണുന്ന ക്ലോസപ്പില്‍ യാത്രക്കാരന്‍റെ പേര് ബിന്‍ ലാദന്‍ ഒസാമ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒസാമ സ്ഥിരം യാത്രക്കാരനാണെന്നും പാസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആഢംബര ക്ലാസില്‍ 7 സി ആണ് സീറ്റ് നമ്പര്‍ ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കൊല്ലം ഒക്ടോബര്‍ ഇരുപത്തിയേഴാണ് യാത്രാതീയതിയായി രേഖപ്പെടുത്തിയിരിക്കുന്നത്.

ഒസാമയുടെ പേര് എങ്ങനെ പുറം ചിത്രത്തില്‍ എത്തി എന്ന കാര്യം വ്യക്തമല്ല. അതേസമയം വിമാനത്താവളങ്ങളിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ചിത്രം നല്‍കുന്നതെന്ന് വാദിക്കുന്നവരുമുണ്ട്. ഐ ഫോണിലൂടെ ബോര്‍ഡിംഗ് പാസ് നല്‍കുമ്പോള്‍ ശത്രുക്കള്‍ക്കും തീവ്രവാദികള്‍ക്കും മറ്റും വളരെ വേഗം ഇത് കരസ്ഥമാക്കാന്‍ കഴിയുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും തെറ്റ് സംഭവിച്ചതായി ബ്രട്ടീഷ് എയര്‍‌വെയ്സ് സമ്മതിച്ചിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കമ്പനി വക്താവ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :